തുമക്കൂരു: ഗോത്രത്തിനു പുറത്തുള്ള യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ പതിനേഴുകാരിയെ പിതാവും സഹോദരനും അമ്മാവനും ചേര്‍ന്നു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. കര്‍ണാടകയിലെ തുമക്കുരു ജില്ലയിലാണ് സംഭവം.
നേത്രാവതി എന്ന പതിനേഴുകാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതികളായ ബന്ധുക്കള്‍ പരശുരാമ, ശിവരാജു, തുക്കാറാം എന്നിവരെ അറസ്റ്റ് ചെയ്തതായി തുമക്കൂരു പൊലീസ് സൂപ്രണ്ട് രാഹുല്‍ കുമാര്‍ പറഞ്ഞു.
നേത്രാവതിയുടെ കുടുംബം ഗോത്രവര്‍ഗത്തില്‍ പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നതിനിടയിലാണ് പട്ടികജാതിക്കാരനായ യുവാവുമായി പരിചയത്തിലാവുന്നതും പ്രണയിക്കുന്നതും. രണ്ടാഴ്ച മുമ്പ് പെണ്‍കുട്ടിയെ കാണാതായിരുന്നു. എന്നാല്‍ വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ കുട്ടിയെ കണ്ടെത്തുകയും തിരിച്ചു കൊണ്ടുവരികയും ചെയ്തു.
യുവാവുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പെണ്‍കുട്ടി തയാറാവാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ഉപദ്രവിക്കുകയായിരുന്നെന്നാണ് പൊലീസ് പറഞ്ഞു. വിഷം കുടിപ്പിച്ചു കൊല്ലാനാണ് ആദ്യം ശ്രമിച്ചത്. പെണ്‍കുട്ടി ചെറുത്തതോടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി.
വിഷം കുടിച്ചാണ് പെണ്‍കുട്ടി മരിച്ചതെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. തുടര്‍ന്ന് അന്ത്യ കര്‍മങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍ സംശയം തോന്നിയ ഗ്രാമീണരില്‍ ചിലര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം