എഐ ക്യാമറാ അഴിമതി ആരോപണത്തില്‍ നിയമ നടപടിയുമായി SRIT മുന്നോട്ട്

ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ സ്ഥാപിച്ച എ ഐ ക്യാമറാ അഴിമതി ആരോപണത്തിൽ പ്രതിപക്ഷനേതാവ് വിഡി സതീശൻ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോരാനൊരുങ്ങി SRIT. എഐ ക്യാമറയുടെ കരാര്‍ ഏറ്റെടുത്ത ബംഗലൂരു ആസ്ഥാനമായ SRIT കമ്പനിക്കെതിരെ  ഗുരുതര ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവിന്‍റെ അടക്കം ഭാഗത്ത് നിന്ന് ഉണ്ടായത്. പദ്ധതി നടത്തിപ്പില്‍ SRIT കമ്മിഷന്‍ വാങ്ങിയെന്നും ഉപകരാര്‍ വാങ്ങിയതിലുള്‍പ്പെടെ വന്‍ ക്രമക്കേട് നടത്തിയെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപണമായി ഉന്നയിച്ചിരുന്നത്.  

ഇത് നിഷേധിച്ച് രംഗത്തെത്തിയ SRIT രണ്ട് നേതാക്കള്‍ക്കെതിരെയും രണ്ട് സ്വകാര്യ വാര്‍ത്താ ചാനലുകള്‍ക്കെതിരെയും നോട്ടീസ് അയച്ചു. 15 ദിവസങ്ങള്‍ക്കകം മറുപടി നല്‍കണമെന്നായിരുന്നു നോട്ടീസില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഈ നോട്ടീസില്‍  പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മാത്രമാണ് മറുപടി നല്‍കിയത്. SRITയുടെ വാദങ്ങളില്‍ കഴമ്പില്ല എന്നും കേസ് കോടതിയില്‍ നേരിട്ടുകൊള്ളാമെന്നുമാണ് വിഡി സതീശന്‍ നല്‍കിയ മറുപടി. കമ്പനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും വിഡി സതീശന്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മാനനഷ്ടക്കേസുമായി  മുന്നോട്ടു പോകാന്‍ SRIT തീരുമാനിച്ചത് .

അടുത്ത ദിവസം ചേരുന്ന ഡയറക്ടര്‍ ബോഡ് യോഗത്തില്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും.  നേതാക്കള്‍ക്കെതിരെ കേസ് നല്‍കുന്നതിന്‍റെ നിയമവശങ്ങള്‍ കമ്പനി പരിശോധിച്ച് വരികയാണ്. കമ്പനി പറയുന്ന തീരുമാനങ്ങള്‍ക്കനുസരിച്ച് മുന്നോട്ടു പോകുമെന്ന് അഭിഭാഷകര്‍ അറിയിച്ചു. ഉപകരാര്‍ ഉള്‍പ്പെടെയുള്ള ഇടപാടുകളില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിന് പങ്കുണ്ടെന്ന ആരോപണം SRIT മുന്‍പ് നിഷേധിച്ചിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം