സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയെ മോഹൻലാൽ ഉമ്മവയ്ക്കുന്നൊരു ഫോട്ടോ കണ്ടു. ഈ ഫോട്ടോ എടുക്കാതെപൊയൊരു ഫോട്ടോയുടെ ഓർമ എന്നിൽ നിറച്ചു. ഭൂതക്കണ്ണാടിയുടെ ഷൂട്ടിങ് അവസാനിപ്പിച്ചു പോകുന്ന ദിവസം മമ്മൂട്ടി സംവിധായകൻ ലോഹിതദാസിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചത്.
ലോഹിയും മമ്മൂട്ടിയും തമ്മിലുള്ള കെമിസ്ട്രി വല്ലാത്തൊരു കെമിസ്ട്രിയായിരുന്നു. മോഹൻലാലിനോടു ലോഹിക്കു വാത്സല്യമായിരുന്നു. എന്നാൽ മമ്മൂട്ടിയെ എന്നും ലോഹി കണ്ടിരുന്നതു തനിക്കും വളരെ മുകളിലുള്ള ഒരാളായാണ്. സംസാരത്തിൽ എത്രയോ തവണ പറഞ്ഞിട്ടുണ്ട്, ‘‘ഏതു തരത്തിൽ വേണമെങ്കിലും മൂശയിലിട്ട് എടുക്കാവുന്നൊരു നടനാണ് അയാൾ’’ എന്ന്. ലോഹിയുടെ സിനിമകളിൽ മറ്റെവിടെയും കാണാത്ത മമ്മൂട്ടിയെ കാണുന്നതുകൊണ്ടും ഈ കെമിസ്ട്രികൊണ്ടാണ്. വാത്സല്യത്തിലെ മമ്മൂട്ടിയെ ഓർക്കുമ്പോഴേ നെഞ്ചു നീറിപ്പോകാറുണ്ട്. ലോഹി ഇല്ലാതായതിൽ ഏറ്റവും വലിയ നഷ്ടം അനുഭവിക്കുന്നതു മമ്മൂട്ടിയാകും. അത്രയേറെ വേഷങ്ങളാണ് അദ്ദേഹത്തിനായി ലോഹി കാത്തുവച്ചിരുന്നത്. എം.വി.രാഘവന്റെ ജീവിത കഥയിൽനിന്നും വല്ലതും മമ്മൂട്ടിക്കു കിട്ടുമോ എന്നുവരെ ലോഹി ആലോചിച്ചിരുന്നു.
പോണ്ടിച്ചേരിയിൽ ലിജോയുടെ മലൈക്കോട്ടൈ വാലിബന്റെ അവസാന ഷൂട്ടു നടന്നുകൊണ്ടിരിക്കെ മോഹൻലാലിനെ കണ്ടിരുന്നു. അടുത്ത കാലത്തൊന്നും ഇത്രയും സന്തോഷത്തോടെ ലാലിനെ കണ്ടിട്ടില്ല.ഇതൊരു അമ്പരപ്പിക്കുന്ന സിനിമയാകുമെന്നു ലാൽ ഒരു കാലത്തും ഷൂട്ടു നടക്കുമ്പോൾ പറഞ്ഞിട്ടില്ല. പക്ഷേ ഈ സിനിമ വല്ലാത്തൊരു അനുഭവമായിരിക്കുമെന്നു ലാൽ പല തവണ പറഞ്ഞു. ഞാൻ കാണുന്ന ദിവസം ലാൽ രാവിലെ 7.30നു വേഷമിട്ടുകാത്തിരിപ്പാണ്. പ്രത്യേക തരം സന്യാസി വേഷമായതുകൊണ്ടു ചെയ്തു വരാന് ഏറെ സമയമെടുക്കും. അന്ന് 1500 പേർ പങ്കെടുക്കുന്ന വലിയൊരു ഷൂട്ടായിരുന്നു.പോണ്ടിച്ചേരിക്കടുത്തുള്ളൊരു വലിയൊരു കോട്ടയിലായിരുന്നു ഷൂട്ട്.
ആയിരക്കണക്കിനാളുകളുമായി ചെയ്ത മനോഹരമായ വലിയൊരു സെറ്റ്. രാവിലെ ആരോ അവിടെയുണ്ടായിരുന്ന മരത്തിലെ കടന്നൽ കൂടിനു കല്ലെറിഞ്ഞു. കടന്നലുകൾ സെറ്റിലേക്കു പറന്നിറങ്ങി അക്രമിച്ചു. എല്ലാവരും ഓടി രക്ഷപ്പെട്ടു. പലർക്കും പരുക്കേറ്റു. മേക്കപ്പിട്ട് ഇരിക്കുമ്പോഴാണറിയുന്നത് അന്നു വൈകീട്ടുവരെ ഷൂട്ടുണ്ടാകാൻ ഇടയില്ലെന്ന്. പരിഭവമില്ലാതെ ലിജോയെ തോളിൽ തട്ടി ലാൽ പറഞ്ഞു, ‘‘നമുക്ക് കാത്തിരിക്കാം’’.
അഭിനയിച്ചതിന്റെ ഒരു നിറവ് ഓരോ മിനിറ്റിലും ലാലിന്റെ മുഖത്തും മനസ്സിലുമുണ്ടായിരുന്നു. ഹോട്ടൽ മുറിയിൽ രാത്രി വൈകുംവരെ സംസാരിച്ചിരിക്കുമ്പോഴും ആ പ്രസന്നത തുടർന്നു. ഒരു സംവിധായകൻ നടന്റെ മനസ്സിലേക്കു കയറി സിനിമയെടുക്കുന്നതാണു ഓരോ നിമിഷവും കാണാനായത്. പതിവുപോലെ പറയാറുള്ള കാര്യത്തേക്കുറിച്ചുമല്ല സംസാരിച്ചത്. ഈ ഷൂട്ടിങ് നൽകിയ അനുഭവത്തേക്കുറിച്ചായിരുന്നു.അതിന്റെ യാത്രകളേക്കുറിച്ചായിരുന്നു.
Read More:‘ആദിപുരുഷ്’ തിയറ്ററുകളിൽ
ലിജോ ജോസ് പെല്ലിശ്ശേരിയൊരു മാന്ത്രിക സ്വഭാവമുള്ള സംവിധായകനാണ്. പറയുന്നതിലും അപ്പുറത്തായിരിക്കും അയാളുടെ സിനിമ.മോഹൻലാലിനെപ്പോലെ തഴക്കംവന്ന ഒരാളെ ഇതുപോലെ സന്തോഷംകൊണ്ടു നിറയ്ക്കണമെങ്കിൽ ആ സിനിമ അത്രയേറെ അയാളെ സ്പർശിച്ചിരിക്കണം.വഴിയിലൂടനീളം ലാൽ വിളിച്ച് എവിടെയെത്തിയെന്നു ചോദിച്ചിരുന്നു. ഭക്ഷണം വരുത്തിവച്ചിരുന്നു. ഓരോ നിമിഷവും അതീവ സന്തോഷമായ നിമിഷങ്ങൾ. നൻ പകൽ മയക്കമെന്ന അത്ഭുതം പകർത്തിയെടുക്കുമ്പോൾ മമ്മൂട്ടിക്കുണ്ടായ വികാരവും ഇതുതന്നെയായിരിക്കണം. നടനെ അത്ഭുതപ്പെടുത്തുന്ന ഒരാൾ വീണ്ടും വീണ്ടും സിനിമയെടുക്കുക എന്നതു മലയാളിയുടെ ഭാഗ്യമാണ്.
ഹരിഹരനും ടി.ദാമോദരനും പത്മരാജനും ഭരതനും സത്യൻ അന്തിക്കാടും ലോഹിതദാസും സിബി മലയിലുമെല്ലാം ചെയ്തിരുന്നത് അതാണ്.പിന്നണി സംഗീതം കൊണ്ടും സോഷ്യൽ മീഡിയയിലെ കണക്കുകൊണ്ടുമല്ല അവർ ഞെട്ടിച്ചിരുന്നത്. ലിജോയെ ഉമ്മവയ്ക്കുന്ന ലാലിന്റെ ഫോട്ടോ എത്രയോ പേരുടെ മനസ്സു നിറച്ചിട്ടുണ്ടാകും. ഉമ്മവയ്ക്കാൻ മാത്രം അയാൾ ലാലിനെ അത്ഭുതപ്പെടുത്തിയാണു ഷൂട്ട് അവസാനിപ്പിച്ചത് എന്നർഥം.മലയാളത്തിനു നഷ്ടമായിരുന്നതും ഇത്തരം ഉമ്മകളും കെട്ടിപ്പിടിക്കലുകളുമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം