ഏറ്റവും ഇഷ്ടപ്പെട്ട ഫുഡ് ഏതാണെന്ന് ചോദിച്ചാൽ മലയാളികളിൽ നല്ലൊരു ശതമാനവും പറയുന്ന ഒരു പേരുണ്ട്. അതുണ്ടാക്കുന്ന ചെമ്പ് പൊട്ടിക്കുമ്പോഴുള്ള മണമുണ്ടല്ലോ, എന്റെ സാറേ.. ഇപ്പോ ഏതാണ് ഐറ്റം എന്ന് പിടികിട്ടിയില്ലേ. ബിരിയാണി. ഈ രുചിയൂറും വിഭവത്തിന് ലോകം മുഴുവൻ പ്രിയപ്പെട്ടവരുണ്ട്. പല നാട്ടിലും പല രൂപത്തിലും രുചിയിലും മണത്തിലുമെല്ലാം ബിരിയാണി കിട്ടും. ചിക്കനും മട്ടനും ബീഫും ഫിഷും എല്ലാം ബിരിയാണിയിൽ നിറയുമ്പോൾ പാവം വെജിറ്റേറിയന് വലിയ ഓപ്ഷനുകൾ ഒന്നും കിട്ടാറില്ല. എന്നാലും വേറൊരു ബിരിയാണി തയാറാക്കാം. അതും തക്കാളിയുടെ രുചിയിൽ. എങ്ങനെയെന്ന് നോക്കാം.
നൂറ്റാണ്ടുകളിലൂടെ സുഗന്ധം പരത്തിയൊഴുകുന്ന വിഭവം
പ്രിയപ്പെട്ട ബിരിയാണിക്ക് നൂറ്റാണ്ടുകൾ ചരിത്രമുണ്ട്. വറുത്തത്, പൊരിച്ചത് എന്നൊക്കെ അർത്ഥമുള്ള ‘ബെറ്യാൻ’ എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് ‘ബിരിയാണി’ എന്ന പേര് ലഭിച്ചത്. ‘ബിരിയാനി’ എന്നും ഇത് പറയും. പക്ഷേ അതുകൊണ്ട് മാത്രം ബിരിയാണി പേർഷ്യയിൽനിന്ന് വന്നതാണെന്ന് പറയാൻ സാധിക്കില്ല. ബിരിയാണി എങ്ങനെ ഇന്ത്യയിൽ എത്തി എന്നതിനെക്കുറിച്ച് വളരെയധികം കഥകളുണ്ട്. പുരാതന ദില്ലി സാമ്രാജ്യത്തെ മുസ്ലിം രാജവംശമായ മുഗളന്മാർ, ലഖ്നൗ ചക്രവർത്തിമാർ എന്നിവരാണ് ഇന്ത്യയിൽ ബിരിയാണി ആദ്യമായി ഉണ്ടാക്കിയത് എന്നാണ് ചില ചരിത്രകാരന്മാരുടെ വാദം. ഹൈദരാബാദിൽ നിസാമിന്റെ ഭരണകാലത്താണ് ബിരിയാണിയുടെ ഉത്ഭവം എന്നാണ് ചരിത്രരേഖകളിൽ പറയുന്നത്. എന്നാൽ, മറ്റുചില ചരിത്രകാരന്മാരുടെ അഭിപ്രായം പേർഷ്യയിൽ ഉണ്ടായിരുന്ന ‘പുലാവ്’ എന്ന ഭക്ഷണം മുഗളൻമാർ മാറ്റംവരുത്തി ബിരിയാണി ആക്കിയതാണെന്നാണ്.
നമ്മുടെ നാട്ടിൽ എങ്ങനെ ബിരിയാണി എത്തി എന്ന ചോദ്യത്തിനുള്ള ഉത്തരം കച്ചവടത്തിനായി കടൽകടന്നു വന്ന വിദേശികളും മൈസൂർ പടയോട്ടക്കാലത്ത് വന്ന മുഗളന്മാരും ഈ ഭക്ഷണ വൈവിധ്യത്തിന് രൂപംകൊടുത്തു എന്നുതന്നെയാണ് വിശ്വാസം. എവിടെ നിന്ന് വന്നാലും നമുക്കൊരു കിടിലൻ തക്കാളി ബിരിയാണി ഉണ്ടാക്കി നോക്കാം.
പ്രധാന ചേരുവ തക്കാളി തന്നെ.200 ഗ്രാം തക്കാളിയാണ് വേണ്ടത്. ഒരു കൈപിടി പുതിനയും മല്ലിയിലയും. ഉള്ളി -3-4,പച്ചമുളക് -5 എണ്ണം , വെളുത്തുള്ളി 8 എണ്ണം ,ഗ്രാമ്പൂ 6 എണ്ണം ,കറുവപ്പട്ട ഒരെണ്ണം, വഴന ഇല ഒരെണ്ണം, സർവസുഗന്ധി ആവശ്യത്തിന്, ഒരു കപ്പ് ബസുമതി അരി , 1.5 കപ്പ് വെള്ളം ഇത്രയുമാണ് ആവശ്യമുള്ള സാധനങ്ങൾ.
ഒരു പാത്രത്തിൽ വെള്ളം എടുത്ത ശേഷം തക്കാളി ഇട്ട് 5-6 മിനിറ്റ് വരെ വേവിക്കുക. ചൂടാറിയ ശേഷം വെന്ത തക്കാളി ഒരു ജാറിൽ എടുത്ത് നല്ലതുപോലെ അരച്ചെടുക്കുണം. തുടർന്ന് ഒരു പാൻ ചൂടാക്കി എണ്ണ ചേർത്ത് മസാലകൾ ചേർത്ത് വഴറ്റാം. ഇതിലേക്ക് അരിഞ്ഞെടുത്ത പച്ചമുളക്, വെളുത്തുള്ളി, സവാള എന്നിവ ചേർത്ത് വഴറ്റുക. മല്ലിയിലയും പുതിനയിലയും ചേർക്കാം. എല്ലാ ചേരുവകളും ചേർത്തിളക്കി 3-4 മിനിറ്റ് പാകം ചെയ്തതിന് ശേഷം ഇതിലേക്ക് നേരത്തെ തയാറാക്കിയ തക്കാളി അരച്ചതും കൂടി ചേർത്തു കൊടുക്കാം. ചെറിയ തീയിൽ വീണ്ടും 2-3 മിനിറ്റ് വേവിക്കണം. ഉപ്പ്, മുളക്പൊടി, എന്നിവയും ചേർത്ത് ഗ്രേവി കുറുകി വരുന്നതുവരെ പാകം ചെയ്യുക. ഇനി കുതിർത്ത് വച്ച അരിയും വെള്ളവും ചേർക്കാം. ഒരു കപ്പ് അരിക്ക് രണ്ട് കപ്പ് വെള്ളം എന്ന അനുപാതത്തിൽ വേണം ചേർക്കേണ്ടത്. വെള്ളം തിളച്ച് തുടങ്ങിയാൽ കുക്കർ അടച്ച് ഒരു വിസിൽ കേൾക്കുന്നത് വരെ വേവിക്കുക. ബിരിയാണിയുടെ മനം മയക്കും മണവും ടേസ്റ്റും ഒരിക്കലും നമുക്ക് മറക്കാനാവില്ല. നല്ല ബിരിയാണി കിട്ടുന്ന സ്പോട്ടുകൾ തപ്പിപ്പോകുന്ന ബിരിയാണി ലവേഴ്സ്, ഒരു പ്രാവശ്യം ഈ റെസിപ്പിയും ഒന്ന് പരിക്ഷിച്ചു നോക്കാവുന്നതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം