നടൻ സലിം കുമാറിന്റെ “ഈശ്വരാ വഴക്കില്ലല്ലോ” എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനെത്തിയ ധർമജനെ ട്രോളി രമേശ് പിഷാരടി. തന്റെ പ്രസംഗത്തിന്റെ തുടക്കത്തിലാണ് പ്രിയ കൂട്ടുകാരന് ട്രോളുമായി പിഷാരടി എത്തിയത്. ‘‘വേദിയിലിരിക്കുന്ന വിശിഷ്ട വ്യക്തികൾ, അവരോടൊപ്പം കയറിയിരിക്കുന്ന ധർമജൻ’’….പിഷാരടിയുടെ വാക്കുകൾ വേദിയിലും സദസ്സിലും ചിരി പടർത്തി. ആത്മസുഹൃത്ത് കണക്കിന് ട്രോളുന്നത് കണ്ട് ഒരു ചെറുപുഞ്ചിരിയോടെ ഇരിക്കുകയായിരുന്നു ധർമജൻ.
പ്രസംഗത്തിന്റെ തുടക്കത്തിൽ മാത്രമല്ല ഇടയിലെല്ലാം ധർമജനെ ട്രോളാൻ കിട്ടിയ അവസരം പിഷാരടി പാഴാക്കിയില്ല. സലിംകുമാറുമൊത്തുള്ള രസകരമായ പല ജീവിതാനുഭവങ്ങളെക്കുറിച്ചും പിഷാരടി തുറന്നു പറയുകയുണ്ടായി.
‘‘വായനയെ വീണ്ടും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വായിച്ചാൽ മനസ്സിലാകുന്ന ചെറിയ ചെറിയ പുസ്തകങ്ങൾ ഉണ്ടാവുന്നത് നല്ല കാര്യമാണ് അത്തരത്തിലുള്ള പുസ്തകമാണ് സലിംകുമാറിന്റെ ഈശ്വരാ വഴക്കില്ലല്ലോ. ഈ പുസ്തകം എഴുതാൻ തയാറായ സലിം കുമാറിനും ഇതിനു പിന്നിൽ പ്രവർത്തിച്ച മനോരമ പബ്ലിക്കേഷനും ഞാൻ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
ഒരിക്കൽ ഒരു വലിയ പബ്ലിക്കേഷൻസ് എന്റെ അടുത്ത് വന്നിട്ട് ഇതുവരെ ആരും പുറത്തിറക്കിയിട്ടില്ലാത്ത തരത്തിലുള്ള ഒരു പുസ്തകം ഇറക്കണം എന്ന് പറഞ്ഞു. ഒരു വശത്ത് ധർമജന്റെ ഫോട്ടോ മറുവശത്ത് പിഷാരടിയുടെ ഫോട്ടോ. ഒരു സൈഡിൽ നിന്ന് വായിച്ചു വന്ന് നടക്കാതെ പേജിൽ എത്തുമ്പോൾ ഞാനും ധർമജനും തോളിൽ കയ്യിട്ട് നിൽക്കണം എന്നിട്ട് ബുക്ക് തിരിച്ചു പിടിച്ചു വായിക്കുമ്പോൾ പകുതിവരെ ധർമജന്റെ കഥകൾ ആയിരിക്കണം ഒരു പകുതിയിൽ എന്റെ കഥയും.
Read More:ബിഗ്‌ബോസ് സീസൺ 5 ; പ്രത്യേക അധികാരത്തോടെ ജുനൈസ്
ഇരുപത്തിരണ്ടു കഥകൾ വച്ച് ഞാനും അവനും എഴുതണം എന്നാണ് പറഞ്ഞത്. ഇരുപത്തിരണ്ടു കഥ എഴുതി ഞാൻ രണ്ടരക്കൊല്ലം കാത്തിരുന്നു, അവന്റെ കഥ ഇന്നുവരും നാളെ വരും എന്ന് പറഞ്ഞിട്ട്. ഇവൻ എഴുതിയില്ല. അതുകൊണ്ടാണ് ഞാൻ മറ്റേ ഇരുപത്തിരണ്ടു കഥ വച്ച് വേറെ ബുക്ക് തനിയെ പോയി ഇറക്കിയത്. അല്ലെങ്കിൽ അങ്ങനെ ഒരു ബുക്ക് ഇറങ്ങിയേനെ. എഴുത്തിനു വലിയൊരു അധ്വാനം ആവശ്യമുണ്ട്.
സലിംകുമാർ ഒന്നു വിളിച്ചാൽ എല്ലാവരും ഓടിവരാൻ തയാറാകും. അത് അദ്ദേഹം മറ്റുള്ളവരിൽ ചെലുത്തുന്ന സ്നേഹത്തിന്റെ സ്വാധീനം കൊണ്ടുമാത്രമാണ്. പെരുമാറ്റം കൊണ്ട് ഒരാളെ തൃപ്തിപ്പെടുത്തുന്ന ആളല്ല സലീമേട്ടൻ. പലതും അദ്ദേഹം തുറന്നുപറയും, ബീഡി വലിക്കാൻ പാടില്ലാത്ത സ്ഥലത്തിരുന്ന് ബീഡി വലിക്കും. ഇതൊക്കെയാണെങ്കിലും അദ്ദേഹത്തിന്റെ വ്യക്തിത്വം അല്ലെങ്കിൽ ക്യാരക്ടർ അത് വളരെ നല്ലതാണ്. അത്തരത്തിൽ ഉള്ളിന്റെ ഉള്ളുകൊണ്ട് നല്ല ക്യാരക്ടർ ഉള്ള ആളുകളുമായി നമുക്ക് ആത്മബന്ധമുണ്ടാകുക വലിയ കാര്യമാണ്.
അദ്ദേഹത്തെ എന്തുകൊണ്ട് ആളുകൾ ഇത്രയേറെ സ്നേഹിക്കുന്നു എന്നതിന് മറ്റൊരു കഥ കൂടി പറയാം. ‘ഈശ്വരാ വഴക്കില്ലല്ലോ’ എന്ന ടൈറ്റിൽ ആദ്യം ഇടുന്നത് ഈ പുസ്കതകത്തിനല്ല അദ്ദേഹം സംവിധാനം ചെയ്യാനിരുന്ന ഒരു സിനിമയ്ക്കായിരുന്നു. ആ സിനിമയിൽ ഞാനായിരുന്നു നായകൻ. ചെറിയൊരു വയ്യായ്ക ഒക്കെ വന്ന് അദ്ദേഹം തിരിച്ചുവരുന്ന സമയമാണ്. സിനിമാ രംഗത്തുള്ള ഒരുപാട് പേർ വിളിച്ച്, ‘നീ എന്തിനാടാ അവന്റെ പടത്തിൽ അഭിനയിക്കാൻ പോകുന്നതെന്ന്’ ചോദിക്കാൻ തുടങ്ങി. സലീമേട്ടനോട് നീ ഇപ്പോൾ ഒരു പടം ചെയ്യേണ്ട എന്നു പറഞ്ഞാൽ അദ്ദേഹം അവരെയൊക്കെ ചീത്തവിളിക്കുമെന്ന് എല്ലാവർക്കും നന്നായി അറിയാം. ദിലീപേട്ടൻ വിളിക്കുന്നു, ലാൽ ജോസ് വിളിക്കുന്നു. ‘നീ അഭിനയിച്ചാലേ പടം നടക്കൂ, പുള്ളിക്ക് ഇപ്പോൾ വേണ്ടത് വിശ്രമമാണ്’ എന്നൊക്കെയാണ് അവർ പറയുന്നത്. അങ്ങനെ ഞാൻ ചേട്ടനോട് ഈ സിനിമയിൽ നിന്നും പിന്മാറുന്ന കാര്യം പറഞ്ഞു. പിന്നീട് ആ പടവും നടന്നില്ല. അദ്ദേഹത്തിന് നന്നായി വിശ്രമിക്കാനും കഴിഞ്ഞു.’’ –രമേശ് പിഷാരടി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം