പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് കിരീടം സെർബിയൻ സൂപ്പർ താരം നൊവാക് ജോക്കോവിച്ചിന്. ഫൈനലിൽ നാലാം സീഡ് നോർവേയുടെ കാസ്പർ റൂഡിനെയാണ് ജോക്കോവിച്ച് തോൽപ്പിച്ചത്. മൂന്നു സെറ്റുകളും സ്വന്തമാക്കിയായിരുന്നു ജോക്കോയുടെ ഏകപക്ഷീയ വിജയം. സ്കോർ: 7-6 (7/1), 6-3, 7-5.
വിജയത്തോടെ ഏറ്റവും കൂടുതല്‍ സിംഗിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന പുരുഷതാരമെന്ന പുതിയ റെക്കോഡ് ജോക്കോവിച്ച് സ്വന്തമാക്കി. നിലവില്‍ 23- ഗ്രാന്‍ഡ് സ്ലാം കിരീടമാണ് ജോക്കോയ്ക്കുള്ളത്. 22 ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ സ്പാനിഷ് താരം റാഫേല്‍ നദാലിനേയാണ് ജോക്കോവിച്ച് പിന്തള്ളിയത്.
Read also: നെടുമങ്ങാട് ആശുപത്രിയിൽ ഒന്നര വയസുകാരി മരിച്ച സംഭവം; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി
കരിയറിലെ കന്നി ഗ്രാൻസ്‌ലാം കിരീടം ലക്ഷ്യമിട്ടാണ് ഇരുപത്തിനാലുകാരൻ കാസ്പർ റൂഡ് ഫൈനൽ പോരാട്ടത്തിന് ഇറങ്ങിയത്. എന്നാൽ മൂന്നാം തവണയും തോൽക്കാനായിരുന്നു വിധി. ആദ്യസെറ്റിന്റെ തുടക്കത്തില്‍ തന്നെ ജോക്കോവിച്ചിന്റെ സര്‍വ്വ് ബ്രേക്ക് ചെയ്ത് റൂഡ് മുന്നേറി. 3-0 ന് മുന്നിട്ടു നിന്നു. പക്ഷേ ജോക്കോ തിരിച്ചടിച്ചു. സ്‌കോര്‍ 4-4 ആക്കി. പിന്നീടങ്ങോട്ട് ഇരുവരും വിട്ടുകൊടുക്കാതെ പോരാടിയതോടെ ആദ്യ സെറ്റ് തന്നെ ടൈബ്രേക്കറിലേക്ക് നീണ്ടു. ടൈബ്രേക്കറില്‍ പക്ഷേ റൂഡിന് കാലിടറി. ആധികാരിക പ്രകടനത്തോടെ 7-1ന് ടൈബ്രേക്കര്‍ വിജയിച്ച് ജോക്കോവിച്ച് ആദ്യ സെറ്റ് സ്വന്തമാക്കി.
രണ്ടാം സെറ്റിലും ജോക്കോവിച്ചിന് മുന്നില്‍ നോര്‍വേ താരത്തിന് മറുപടിയുണ്ടായിരുന്നില്ല. രണ്ടാം സെറ്റിന്റെ ആരംഭത്തില്‍ 3-0 ന് ജോക്കോവിച്ച് മുന്നിട്ടുനിന്നു. പിന്നീട് റൂഡിന് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല. 6-3 ന് സെറ്റ് സ്വന്തമാക്കി സെര്‍ബിയന്‍ താരം മുന്നേറി. മൂന്നാം സെറ്റിലും ഇതേ പ്രകടനം തുടര്‍ന്ന ജോക്കോയ്ക്ക് മുന്നില്‍ നോര്‍വേ താരത്തിന് പിടിച്ചുനില്‍ക്കാനായില്ല. 7-5 ന് ജോക്കോ മൂന്നാം സെറ്റും മത്സരവും സ്വന്തമാക്കി.
കഴിഞ്ഞവർഷത്തെ ഫ്രഞ്ച് ഓപ്പണിലും യുഎസ് ഓപ്പണിലും ഫൈനലിലെത്തിയിരുന്നെങ്കിലും കലാശപ്പോരാട്ടത്തിൽ റൂഡിന് അടിതെറ്റിയിരുന്നു. ഇതുവരെ 70 ഗ്രാൻസ്‌ലാം ടൂർണമെന്റുകൾ കളിച്ച മുപ്പത്തിയാറുകാരൻ ജോക്കോവിച്ച് 34–ാം തവണയാണ് ഫൈനൽ കളിച്ചത്.
സെമിയിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് (6-3, 6-4, 6-0) കാസ്പർ റൂഡ് ഫ്രഞ്ച് ഓപ്പണിലെ രണ്ടാം ഫൈനലിന് യോഗ്യത നേടിയത്. ഒന്നാം സീഡ് കാർലോസ് അൽകാരസിനെ വീഴ്ത്തിയായിരുന്നു ജോക്കോവിച്ചിന്റെ ഫൈനൽ പ്രവേശം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം