ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലിലും ഇന്ത്യയ്ക്ക് പരാജയം. കഴിഞ്ഞ തവണ ന്യൂസിലന്‍ഡിനോട് കിരീടം കൈവിട്ട ഇന്ത്യ ഇക്കുറി ഓവലില്‍ ഓസ്ട്രേലിയയോട് 209 റണ്‍സിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങി. രണ്ടാം ഇന്നിംഗ്സില്‍ 444 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ രോഹിത് ശര്‍മ്മയും സംഘവും അഞ്ചാം ദിനത്തിലെ ആദ്യ സെഷനില്‍ 234 റണ്‍സില്‍ പുറത്തായി. ഇതോടെ ഐസിസിയുടെ എല്ലാ കിരീടവും നേടുന്ന ആദ്യ ടീം എന്ന നേട്ടം ഓസ്ട്രേലിയ സ്വന്തമാക്കി. സ്കോര്‍: ഓസ്ട്രേലിയ- 469 & 270/8 d, ഇന്ത്യ- 296 & 234 (63.3).
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഇത്തവണ സ്വന്തമാക്കാമെന്നുറച്ചാണ് അഞ്ചാംദിനത്തില്‍ വിരാട് കോലിയും അജിന്‍ക്യ രഹാനേയും ഇന്ത്യയ്ക്കായി ബാറ്റിങ്ങിനിറങ്ങിയത്. എന്നാല്‍ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റു. ടീം സ്കോര്‍ 179-ല്‍ നില്‍ക്കേ സൂപ്പര്‍താരം വിരാട് കോലിയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. അഞ്ചാം ദിനം അഞ്ച് റണ്‍സ് മാത്രമാണ് കോലിക്ക് കൂട്ടിച്ചേര്‍ക്കാനായത്. 49 റണ്‍സെടുത്ത കോലിയെ ബോളണ്ട് പുറത്താക്കി. പിന്നാലെ ബോളണ്ട് വീണ്ടും ഇന്ത്യയെ പ്രതിരോധത്തിലാക്കി. ആ ഓവറിലെ അഞ്ചാം പന്തില്‍ ജഡേജയും കൂടാരം കയറി. രണ്ട് പന്ത് നേരിട്ട ജഡേജയ്ക്ക് റണ്ണൊന്നുമെടുക്കാനായില്ല.
ഇതിന് ശേഷം ശ്രീകര്‍ ഭരതിനെ കൂട്ടുപിടിച്ച് അജിങ്ക്യ രഹാനെ പോരാട്ടത്തിന് ശ്രമിച്ചെങ്കിലും മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്ത് കെണിയൊരുക്കി. 108 പന്തില്‍ ഏഴ് ഫോറുകള്‍ സഹിതം 46 റണ്‍സ് നേടിയ രഹാനെയെ ക്യാരി പിടികൂടുകയായിരുന്നു. തൊട്ടുപിന്നാലെ ഷര്‍ദ്ദുല്‍ താക്കൂറിനെ(5 പന്തില്‍ 0) എല്‍ബിയില്‍ തളച്ച് നേഥന്‍ ലിയോണ്‍ ഇന്ത്യക്ക് ഏഴാം പ്രഹരം നല്കി. വീണ്ടും പന്തെടുത്തപ്പോള്‍ സ്റ്റാര്‍ക്ക് ഉഗ്രന്‍ ബൗണ്‍സറില്‍ ഉമേഷ് യാദവിനെ(12 പന്തില്‍ 1) പറഞ്ഞയച്ചു. ലിയോണിനെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത്(41 പന്തില്‍ 23) റിട്ടേണ്‍ ക്യാച്ചില്‍ പുറത്തായപ്പോള്‍ അവസാനക്കാരന്‍ മുഹമ്മദ് സിറാജിനെ(6 പന്തില്‍ 1) ബോളണ്ട് ക്യാച്ചില്‍ പറഞ്ഞയച്ചതോടെ ഓവലില്‍ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. നേരത്തെ, ഓസ്ട്രേലിയയുടെ 469 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 269 റണ്‍സില്‍ പുറത്തായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം