ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ്സിരീസിലൂടെ പുതിയ കാലത്തിന്റെ താളത്തിലേക്ക് മാറുകയാണ് ലാൽ. ജൂൺ 23–ന് റിലീസാകുന്ന ‘കേരള ക്രൈം ഫൈൽസ്’ എന്ന സിരീസ് ആണ് ലാലിന്റെ ഏറ്റവും പുതിയ വിശേഷം. ഇത് ലാലിന്റെ ആദ്യത്തെ വെബ്സിരീസ് അല്ല, ഹിന്ദിയിൽ ‘സൂപ്’ എന്ന സിരീസിന്റെ ഭാഗമായിരുന്നു ലാൽ. കാലത്തിനനിവാര്യമായ മാറ്റങ്ങൾ കലാജീവിതത്തിൽ വരുത്തുന്ന ആളെന്ന നിലയിൽ നടനായും സംവിധായകനായും തിരക്കഥാകൃത്തായും പാട്ടുകാരനായും നർത്തകനായും നിർമാതാവായും വിതരണക്കാരനായും ഒക്കെ ലാലിനെ നമുക്ക് അറിയാം.
ഡയറക്ടർ ലാൽ
ലാൽ എന്നു പറയുന്നതിനേക്കാൾ ഡയറക്ടർ ലാൽ എന്നു പറയാനാണ് മലയാളിക്കിഷ്ടം. ലാലിനും അത് സന്തോഷമാണ്.
‘ആളുകൾ തിരിച്ചറിയുന്നത് നടൻ ലാലിനെ ആണ്. നമ്മൾ അഭിനയിച്ച കഥാപാത്രങ്ങളാണ് നമ്മെ പോപ്പുലറാക്കുന്നത്. കുറച്ചാളുകളേ പഴയ പടങ്ങളെപ്പറ്റി പറയാറുള്ളൂ. ഇപ്പോഴത്തെ തലമുറയും അതൊക്കെ ആസ്വദിക്കുന്നുണ്ട് എന്നറിയുമ്പോൾ സന്തോഷമാണ്. നടനായിട്ടുണ്ട്, സംവിധായകനായിട്ടുണ്ട്, തിരക്കഥാകൃത്തായിട്ടുണ്ട്, പാട്ടു പാടീട്ടുണ്ട്, നൃത്തം ചെയ്തിട്ടുണ്ട്, വിതരണം ചെയ്തിട്ടുണ്ട്, നിർമാതാവായിട്ടുണ്ട്… ഞാൻ പ്രാപ്തനാണെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇതൊക്കെ ചെയ്തത്.’
Read More:‘മാളികപ്പുറം’ വില്ലന് സർപ്രൈസ് നൽകി ദേവനന്ദ
കാളിദാസന് ഞാനുമായി സാമ്യം
‘തെങ്കാശിപ്പട്ടണത്തിലെ’ ദാസപ്പനെയും ‘വൺമാൻഷോ’യിലെ ഹരിനാരായണനെയും ‘കല്യാണരാമനി’ലെ അച്ചുവേട്ടനെയും ഒക്കെ മലയാളി പെട്ടെന്നു മറക്കില്ല. ലാലിന്റെ സിനിമകൾ മാത്രമല്ല കഥാപാത്രങ്ങൾ വരെ മലയാളി ഓർക്കുന്നതും വീണ്ടും വീണ്ടും കാണുന്നവയുമാണ്. ഇത്രയധികം കഥാപാത്രങ്ങൾ ചെയ്ത ലാലിന്റെ ജീവിതത്തോട് ഏറ്റവും ചേര്‍ന്നു നിൽക്കുന്ന കഥാപാത്രങ്ങൾ ഏതൊക്കെയാണന്നു ചോദിച്ചാൽ അതിനുത്തരം ലാലിന്റെ കയ്യിലുണ്ട്.
‘സോൾട് ആൻഡ് പെപ്പർ’ എന്ന സിനിമയിലെ കാളിദാസൻ ഒരളവു വരെ ഞാൻ തന്നെയാണ്. എനിക്ക് ഭക്ഷണം കഴിക്കാൻ ഇഷ്ടമാണ്. അല്പം നാണമുള്ള ആളാണ്. അങ്ങനെ എവിടെയൊക്കെയോ ഞാനുമായി സാമ്യമുണ്ട് കാളിദാസന്. അതുപോലെ ഈ അടുത്ത് ചെയ്ത ‘ഹെലൻ, ഡിയർ വാപ്പി’ എന്നീ സിനിമകളിലൊക്കെ ഞാനുണ്ട്. ചുരുക്കം ചില സിനിമകളിലേ ‘അഭിനയിക്കേണ്ടി’ വരാറുള്ളൂ.
ഞാൻ പറയുന്നത് മനസ്സിലാകത്തവരോട്
പലരും പറയാറുണ്ട്, ഞാന്‍ പറയുന്നത് വ്യക്തമാകുന്നില്ല, സബ്ടൈറ്റിൽ വേണം എന്നൊക്കെ. എനിക്കും ഇടയ്ക്ക് അങ്ങനെ തോന്നാറുണ്ടെങ്കിലും എന്റെ ശബ്ദത്തിലും സംസാരത്തിലുമൊക്കെ അഭിമാനം കൊള്ളുന്ന ആളാണ് ഞാൻ. ഈ പറയുന്നത് അഹങ്കാരമായി തോന്നിയാലും കുഴപ്പമില്ല. സത്യസന്ധമായ അഭിനയത്തിൽ ഡയലോഗുകൾ ചിലപ്പോൾ മനസ്സിലാകാതെ പോകാം. ജീവിതത്തിൽ സംസാരിക്കുന്ന പല കാര്യങ്ങളും നമുക്ക് രണ്ടാമത് പറയേണ്ടി വരാറുണ്ട്. അപ്പോള്‍ നമ്മൾ രണ്ടാമത്, ‘എന്താ’ എന്നൊക്കെ ചോദിക്കാറുമുണ്ട്. സിനിമയില്‍ പക്ഷേ അതില്ല. ഇപ്പോൾ സിങ്ക് സൗണ്ട് ഒക്കെ വന്നപ്പോൾ ആളുകൾക്ക് അത് മനസ്സിലായി. അക്ഷരങ്ങൾ പെറുക്കി പെറുക്കി സംസാരിക്കാൻ എനിക്കറിയില്ല. സന്ദർഭത്തിൽനിന്നും സംഭാഷണം മനസ്സിലാക്കണം, സംസാരത്തിൽ നിന്നു മാത്രമല്ല എന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം