ഒരു കാലത്ത് മലയാള സിനിമയില്‍ ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുക്കെട്ടാണ് നടന്‍ ജയറാമിന്റേതും സംവിധായകന്‍ രാജസേനന്റേതും. മേലേപ്പറമ്പിലെ ആണ്‍വീട്, വധു ഡോക്ടറാണ്, കടിഞ്ഞൂല്‍ കല്യാണം, സിഐഡി ഉണ്ണികൃഷ്ണന്‍, ദില്ലിവാല രാജകുമാരന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഏതാനും ഉദാഹരണങ്ങളാണ്. 2006 ല്‍ പുറത്തിറങ്ങിയ കനകസിംഹാസനത്തിന് ശേഷം ജയറാമുമായി രാജസേനന്‍ ഒരു സിനിമ ചെയ്തിട്ടില്ല. ഒരുമിച്ചൊരു സിനിമ സംഭവിക്കാന്‍ ഇനി സാധ്യതയില്ലെന്ന് രാജസേനന്‍ പറയുന്നു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.
”ഞങ്ങള്‍ ഒരുമിച്ച് പതിനാറോളം സിനിമ ചെയ്തു. അവയ്ക്കിടയില്‍ ഒരുവര്‍ഷത്തെ ഇടവേളയൊക്കെ ഉണ്ടായിട്ടുണ്ട്. പ്രശ്‌നങ്ങളില്ലാതെ പിണങ്ങിപ്പോയതാണ്. തമ്മില്‍ മിണ്ടില്ല, കണ്ടാല്‍ സംസാരിക്കില്ല, ഫോണ്‍ ചെയ്താല്‍ എടുക്കില്ല. ഞങ്ങള്‍ തമ്മിലുള്ള ബന്ധം അങ്ങനെ ആയിപ്പോയി. ഏഴ് വര്‍ഷമായി മുഖത്തോട് മുഖം കണ്ടിട്ട്. അതുകൊണ്ട് ഇനി സിനിമ ഉണ്ടാകാന്‍ സാധ്യതയില്ല.
ഒരു സിനിമ ചെയ്യുമ്പോള്‍ നായകനും സംവിധായകനും തമ്മില്‍ അസാമന്യമായ ഒരു അടുപ്പം ഉണ്ടായിരിക്കണം. കണ്ടാല്‍ മിണ്ടാത്തവര്‍ തമ്മില്‍ എങ്ങനെ സിനിമ ചെയ്യാനാണ്. തീര്‍ച്ചയായും ഞങ്ങളുടെ സൗഹൃദം ഞങ്ങള്‍ രണ്ടുപേര്‍ക്കും ഗുണം ചെയ്തിട്ടേയുള്ളൂ. അതില്ലാതായപ്പോള്‍ രണ്ടുപേര്‍ക്കും നഷ്ടങ്ങള്‍ സംഭവിച്ചു. ചെറിയ നഷ്ടങ്ങളല്ല, വലിയ നഷ്ടങ്ങളാണ്. അവിടെയാണ് എന്തിനാണ് ഈ സൗഹൃദം വേര്‍പ്പെട്ട് പോയതെന്ന ചിന്തവരുന്നത്, എനിക്ക് ആ ചിന്ത ഉണ്ടായിട്ടുണ്ട്. ഞങ്ങള്‍ എന്തിനാണ് പിണങ്ങിയതെന്ന് അറിയില്ല. കാര്യം എന്താണെന്ന് അറിഞ്ഞാല്‍ മാത്രമേ പരിഹരിക്കാനാകൂ. ഇങ്ങനെ ചേര്‍ന്ന് ഇരുന്നവര്‍ അകന്നുപോയി. ഞങ്ങളിപ്പോള്‍ പരമാവധി ദൂരത്താണ് ഇരിക്കുന്നത്. അതങ്ങനെതന്നെ ആയിക്കോട്ടെ”- രാജസേനന്‍ പറഞ്ഞു.
നരേന്ദ്രമോദിയില്‍ ആകൃഷ്ടനായാണ് ബി.ജെ.പിയില്‍ വന്നതെന്നും എന്നാല്‍ അവിടെ തന്നെ കേള്‍ക്കാന്‍ ആരും തയ്യാറായിരുന്നില്ലെന്ന് രാജസേനന്‍ പറഞ്ഞു. ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്ക് പോകുകയാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്ററെ രാജസേനന്‍ നേരില്‍ കാണുകയും ചെയ്തു.
”അരുവിക്കര മണ്ഡലത്തില്‍ താന്‍ മത്സരിച്ചതില്‍ ഏതാനും ചിലര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഞാന്‍ സംസ്ഥാന കമ്മിറ്റിയിലെത്തി. പാര്‍ട്ടിയില്‍ ചെറുപ്പം മുതല്‍ തന്നെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു കലാകാരന്‍ പെട്ടന്ന് വന്ന് സ്ഥാനമാനങ്ങള്‍ നേടുന്നതില്‍ അതൃപ്തി ഉണ്ടായിരുന്നിരിക്കണം. അത് സ്വഭാവികമാണ്. പൊതുവില്‍ ബിജെപിയില്‍ കലകാരന് പ്രധാന്യം ലഭിക്കുന്നില്ല. പല ആശയങ്ങളും ഞാന്‍ പങ്കുവച്ചതാണ്. എന്നാല്‍ അതൊന്നും അവര്‍ സ്വീകരിച്ചില്ല. ഇതെല്ലാം ഞാന്‍ ബിജെപി നേതൃത്വത്തോട് പറഞ്ഞപ്പോള്‍ അവര്‍ പ്രതികരിച്ചില്ല. ഒരു വര്‍ഷത്തോളമായി ഞാന്‍ പാര്‍ട്ടിയില്‍ സജീവമാകാതെ മിണ്ടാതെ ഇരിക്കുകയായിരുന്നു. ഈ കാലയളവില്‍ ആരും എന്നെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. ”
കഴിഞ്ഞ് ഏഴ് വര്‍ഷത്തില്‍ അഞ്ചോളം സിനിമകള്‍ ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും ഒന്നും നടന്നില്ലെന്നും രാജസേനന്‍ പറയുന്നു. ബിജെപിയില്‍ ചേര്‍ന്നത് കൊണ്ടുള്ള അവഗണന മൂലമാണോ എന്ന് പറയാന്‍ സാധിക്കില്ല. പക്ഷേ കഴിഞ്ഞ വര്‍ഷങ്ങളില്‍ ആസൂത്രണം ചെയ്ത ഒരു സിനിമ പോലും നടന്നില്ല. ആരൊക്കെയോ എവിടൊക്കെയേ വെട്ടിയിട്ടുണ്ട്- രാജസേനന്‍ കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം