ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകം ആഘോഷിക്കുന്ന രീതിയിൽ കാനഡയിൽ നടന്ന പ്രകടനത്തിനെതിരേ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇത്തരം പ്രവൃത്തികൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെത്തന്നെ ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇന്ദിരാ ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ ഉൾപ്പെടുന്ന പരേഡിന്റെ ദൃശ്യം കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കാനഡയിലെ ബ്രാംപ്ടൻ നഗരത്തിൽ ജൂൺ നാലിനാണ് സംഭവം നടന്നത്.
‘‘സത്യത്തിൽ, വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടിയല്ലാതെ എന്തിനാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് മനസ്സിലാകുന്നില്ല. വിഘടനവാദികൾക്കും തീവ്രവാദികൾക്കും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവർക്കും ഇത്രയ്ക്ക് സ്വാതന്ത്ര്യവും അവസരവും നൽകുന്നതിനു പിന്നിൽ മറ്റെന്തോ വിഷയമുണ്ടെന്ന് ഞാൻ കരുതുന്നു. എന്തായാലും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് നല്ലതല്ല. കാനഡയ്ക്കും ഒട്ടും നല്ലതിനല്ല’ – ജയശങ്കർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംഭവത്തെ അപലപിച്ച് കോൺഗ്രസും രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി ജയശങ്കർ ഇക്കാര്യം കനേഡിയൻ സർക്കാരുമായി ചർച്ച ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. വിഷയത്തിൽ പ്രതികരണവുമായി ഇന്ത്യയിലെ കാനഡിയൻ ഹൈക്കമ്മീഷണർ കാമറോൺ മക്കേയും രംഗത്തെത്തി. അക്രമം പ്രോത്സാഹിപ്പിക്കുന്നവർക്കും മഹത്വവത്കരിക്കുന്നവർക്കും കാനഡയിൽ ഇടമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ദിര ഗാന്ധിയുടെയും അവരെ വധിച്ച സ്വന്തം അംഗരക്ഷകരുടെയും ഫ്ലോട്ടുകൾ ഉൾപ്പെടുന്ന പരേഡിന്റെ ദൃശ്യം കഴിഞ്ഞ ദിവസം മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കാനഡയിലെ ബ്രാംപ്ടൻ നഗരത്തിൽ ജൂൺ നാലിനാണ് വിവാദ പരേഡ് അരങ്ങേറിയത്.