പാരീസ്: അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസി മേജര്‍ ലീഗ് സോക്കറിലേക്ക്. വരും സീസണില്‍ ഇന്റര്‍ മയാമിയാണ് മെസിയെ സ്വന്തമാക്കിയത്. ഫുട്ബോള്‍ ജേര്‍ണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയും ഇക്കാര്യം വ്യക്തമാക്കി. മെസിയുടെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക തീരുമാനത്തിന് കാത്തിരിക്കുകയാണ് ഫുട്ബോള്‍ ലോകം.
താരത്തിനായി രംഗത്തുണ്ടായിരുന്ന സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയേയും സൗദി അറേബ്യ ക്ലബ്ബ് അല്‍ ഹിലാലിനെയും പിന്തള്ളിയാണ് ഇന്റര്‍ മയാമി മെസ്സിക്ക് പുതിയ ഓഫര്‍ നല്‍കിയിരിക്കുന്നത്. അര്‍ജന്റീനയിലെ പ്രശസ്ത ജേണലിസ്റ്റ് ഹെര്‍നാന്‍ കാസിലോയാണ് ഈ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇതില്‍ പക്ഷേ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല.
മുന്‍ ഇംഗ്ലണ്ട് ഇതിഹാസ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഫുട്ബോള്‍ ക്ലബ്ബാണ് ഇന്റര്‍ മയാമി. മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇത് സംബന്ധിച്ച് ബെക്കാം, മെസ്സിയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നാല് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 54 ദശലക്ഷം ഡോളറിന്റെ (ഏകദേശം 445 കോടി രൂപ) ഓഫറാണ് മിയാമി, മെസ്സിക്ക് മുന്നില്‍ വെച്ചിരിക്കുന്നത്.
Read more: മാവേലിക്കരയിൽ ആറു വയസ്സുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി
പി എസ് ജിയുമായി കരാര്‍ പൂര്‍ത്തിയാക്കിയ മെസിക്ക് ബാഴ്സലോണയിലേക്ക് മടങ്ങാനായിരുന്നു താല്പര്യം. ഇതിനായി ചര്‍ച്ചകളും തുടങ്ങിയിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി കാരണം മെസിക്ക് മുന്നില്‍ ഒരു കരാര്‍ വെക്കാന്‍ പോലും ബാഴ്സയ്ക്ക് സാധിച്ചിരുന്നില്ല. അനുവദിക്കപ്പെട്ട ശമ്പള ബില്ലിനുള്ളില്‍ മെസിയെ ലാ ലീഗയില്‍ രജിസ്റ്റര്‍ ചെയ്യുക എന്നതാണ് ബാഴ്സയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.
ഇതിനായി നിലവിലെ താരങ്ങളില്‍ ചിലരെ ഒഴിവാക്കുകയും വേണം. എന്നാല്‍ ബാഴ്സയ്ക്ക് അതിന് സാധിച്ചില്ല. ബാഴ്സലോണയ്ക്ക് വെല്ലുവിളി ഉയര്‍ത്തി മെസിയെ സ്വന്തമാക്കാന്‍ രണ്ട് പ്രീമിയര്‍ ലീഗ് ക്ലബുകളും രംഗത്തെത്തിയിരുന്നു. ചെല്‍സി, ന്യൂകാലസില് യുണൈറ്റഡ് എന്നിവരാണ് മെസിയെ തേടിയതെത്തിത്. സൗദി ക്ലബ്ബായ അല്‍ ഹിലാലിന്റെ മോഹന വാഗ്ദാനവുമുണ്ടായിരുന്നു. ഇതിനിടെയാണ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ കൂടി മെസിക്കായി മത്സരരംഗത്തെത്തിയത്.
മെസിക്ക് ഫുട്ബോള്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിലെ എക്കാലത്തെയും ഉയര്‍ന്ന തുകയാണ് സൗദി ക്ലബ്ബായ അല്‍ ഹിലാല്‍ വാദ്ഗാനം ചെയ്തിരിക്കുന്നത്. പി എസ് ജിക്കായി കളിച്ച 75 മത്സരങ്ങളില്‍ 32 ഗോളുകളും 35 അസിസ്റ്റുകളും നല്കിയ മെസിക്ക് പക്ഷെ അവരുടെ എക്കാലത്തെയും വലിയ സ്വപ്നമായ ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തിലേക്ക് നയിക്കാനായില്ല.
ബാഴ്സലോണയ്ക്കൊപ്പമുണ്ടായിരുന്നപ്പോള് ആറ് ബാലണ്‍ ഡി ഓര് പുരസ്കാരങ്ങള്‍ ലയണല്‍ മെസി സ്വന്തമാക്കി. 778 മത്സരങ്ങളില്‍ നിന്ന് 672 ഗോളുകള്‍ നേടിയ മെസി ടീമിന്റെ എക്കാലത്തെയും മികച്ച സ്കോററായി തുടരുകയാണ്. ഒപ്പം 520 മത്സരങ്ങളില്‍ നിന്ന് 474 ഗോളുകള്‍ നേടിയ സ്പാനിഷ് ലീഗിലെ ടോപ് സ്കോററും. എട്ട് സീസണുകളില്‍ സ്പാനിഷ് ലീഗിലെ ടോപ് സ്കോററും ആറ് തവണ ചാമ്പ്യന്‍സ് ലീഗിലെ ടോപ് സ്കോററുമായിരുന്നു മെസി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം