യാത്രാസൗകര്യം, വലിയ വാഹനങ്ങളെ അപേക്ഷിച്ച് ചിലവ് കുറവ് തുടങ്ങി പല ഘടകങ്ങൾ ഇരുചക്ര വാഹനം ഉപയോഗിക്കാൻ ആകർഷിക്കുന്ന ഘടകങ്ങളാണെങ്കിലും സുരക്ഷയുടെ കാര്യത്തിൽ ഇവ അപകടമാണെന്നതിൽ തർക്കമില്ല. ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുമ്പോൾ അപകടം സംഭവിച്ചാൽ തലയ്ക്ക് പരിക്കേൽക്കാനുള്ള സാധ്യത ഏറെ കൂടുതലാണെന്ന പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഹെൽമെറ്റ് ഉപയോഗിക്കണമെന്നത് നിർബന്ധമാക്കിയത്.
1988ലെ മോട്ടോർ വെഹിക്കിൾസ് ആക്ടിലെ സെക്ഷൻ 129 അനുസരിച്ച് നാല് വയസ്സിന് മുകളിലുള്ള എല്ലാ ഇരുചക്രവാഹന യാത്രക്കാരും ഹെൽമെറ്റ് ധരിക്കണം. നിയമവും അതിന് പിന്നിലെ സുരക്ഷയെക്കുറിച്ചുമൊക്കെ വ്യക്തമായി അറിയാമെങ്കിലും ഇന്നും പലരും പിഴ പേടിച്ചും പൊലീസ് പിടിക്കാതിരിക്കാനുമൊക്കെ വേണ്ടിയാണ് ഹെൽമെറ്റ് ഉപയോഗിക്കുന്നത്.
ഹെൽമെറ്റ് വാങ്ങുമ്പോൾ അതിൽ സർട്ടിഫിക്കേഷനാണ് പ്രധാനം.
സർട്ടിഫിക്കേഷൻ
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് അംഗീകരിച്ചിട്ടുള്ള ഹെൽമെറ്റുകൾക്ക് ISI മുദ്രയുണ്ടാകും. ഇന്ത്യയിൽ നിർമിക്കുന്നഗുണനിലവാരമുള്ള ഏത് ഹെൽമെറ്റിന്റെയും പുറകിലോ വശങ്ങളിലോ ഈ അടയാളം രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതില്ലാത്തവ ഗുണനിലവാരമില്ലാത്തവയായിരിക്കും. വ്യാജമായി ISI സ്റ്റിക്കറുകൾ പതിപ്പിച്ച വില കുറഞ്ഞ വ്യാജ ഹെൽമെറ്റുകളും വിപണിയിൽ സുലഭമാണ്. വാങ്ങുന്ന ഹെൽമെറ്റിൽ ശരിയായ SI മാർക്ക് ആണോ എന്ന് ഉറപ്പുവരുത്തണം. ISI സർട്ടിഫിക്കേഷൻ ഇല്ലാത്ത ഹെൽമെറ്റുകൾ ബിഐഎസ് പരീക്ഷിച്ചിട്ടില്ലെന്നും അതിന്റെ സുരക്ഷാ വശം കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ലെന്നുമാണ് മനസ്സിലാക്കേണ്ടത്.
ഐഎസ്ഐ പോലെതന്നെ 50-ലധികം രാജ്യങ്ങളിൽ നിർബന്ധമാക്കിയിട്ടുള്ള ഹെൽമെറ്റ് സുരക്ഷാ മാനദണ്ഡമാണ് ഇസിഇ. ഐക്യരാഷ്ട്രസഭയുടെ ‘ഇക്കണോമിക് കമ്മീഷൻ ഓഫ് യൂറോപ്പിൽ’ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞിരിക്കുന്നത്. മിക്കവാറും എല്ലാ മത്സരാധിഷ്ഠിത മോട്ടോർസ്പോർട്ട് ഇവന്റുകൾക്കും ഇസിഇ സർട്ടിഫിക്കേഷൻ നിർബന്ധമാണ്.
വില
ഏതൊരു സാധനം വാങ്ങുമ്പോഴും വില ഒരു പ്രധാന ഘടകമാണ്. ആമസോൺ പോലുള്ള ഓൺലൈൻ സൈറ്റുകളിൽ നിന്നടക്കം ഐഎസ്ഐ മുദ്രയുള്ള ഹെൽമെറ്റ് 700രൂപ മുതൽ വാങ്ങാം. ഐഎസ്ഐയും ഇസിഇയും സർട്ടിഫൈഡ് ആയിട്ടുള്ള ഹെൽമെറ്റുകൾക്ക് 3500രൂപ മുതലാണ് വില തുടങ്ങുന്നത്. വിലക്കുറവിന് പിന്നാലെപോയി ഗുണനിലവാരമില്ലാത്ത ഹെൽമെറ്റ് വാങ്ങാതെ ബ്രാൻഡഡ് ഹെൽമെറ്റുകൾ വാങ്ങുന്നതാണ് സുരക്ഷ ഉറപ്പാക്കാൻ നല്ലത്.
ഡിസൈനും ഫിറ്റും
പല ഡിസൈനുകളിൽ ഇന്ന് വിപണിയിൽ ഹെൽമെറ്റുകൾ ലഭിക്കും. പാതി മുഖം മറയ്ക്കുന്ന ഹാഫ് ഫേയ്സ് ഹെൽമെറ്റ്, മെഡുലാർ ഹെൽമെറ്റ്, ഓഫ് റോഡ് ഹെൽമെറ്റ്, താടിക്കടക്കം സുരക്ഷ നൽകുന്ന ഫുൾ ഫേസ് ഹെൽമെറ്റ് അങ്ങനെ നീളുന്നു. ഡിസൈനും നിറവുമൊക്കെ ശ്രദ്ധിക്കുമ്പോഴും വാങ്ങുന്ന ഹെൽമെറ്റ് തലയ്ക്ക് പാകമാണോ എന്ന കാര്യം ഉറപ്പുവരുത്താൻ പലരും വിട്ടുപോകാറുണ്ട്. രൂപവും ഭംഗിയും വിലയുമൊക്കെ നോക്കി ഹെൽമെറ്റ് വാങ്ങുന്നതിനൊപ്പം അവ ശരിയായ അളവിലുള്ള ഹെൽമറ്റ് ആണോ എന്നുകൂടി ശ്രദ്ധിക്കണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam