കമ്പം: മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് മറ്റൊരു വനമേഖലയിലേക്ക് മാറ്റുന്നു. യാത്രയിൽ രണ്ടു തവണ അരിക്കൊമ്പൻ തുമ്പിക്കൈ അനിമൽ ആംബുലൻസ് വാഹനത്തിന് പുറത്തേക്കിട്ടു. തുടർന്ന് വനംവകുപ്പ് ദൗത്യസംഘം വാഹനം നിർത്തുകയുണ്ടായി. ആന തുമ്പിക്കെ വീണ്ടും അകത്തേക്ക് ഇട്ടശേഷമാണ് യാത്ര ആരംഭിച്ചത്.
അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്ന് തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് ആനയെ മാറ്റുന്ന കാര്യം വെളിപ്പെടുത്താനാകില്ലെന്നും വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു. ആനയുടെ തുമ്പിക്കൈയിൽ പരിക്കുണ്ട്. ഇതിന് ആവശ്യമായ മരുന്നുകളും മറ്റും നൽകിയശേഷമാകും ആനയെ വനമേഖലയിൽ തുറന്നു വിടുന്നതെന്ന് വ്യക്തമാക്കി.
വെള്ളിമല വനമേഖലയിലേക്ക് മാറ്റാനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിലുള്ളത്. എന്നാൽ കളക്കാട് മുണ്ടൻതുറൈ ടൈഗർ റിസർവിലേക്ക് അരിക്കൊമ്പനെ മാറ്റിയേക്കുമെന്നും സൂചനയുണ്ട്. തമിഴ്നാട്ടിലെ തേനി ജില്ലയിലെ പൂശാനംപെട്ടിക്ക് സമീപത്തുവെച്ചാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ചത്. രാത്രി 12.30 ഓടെയാണ് മയക്കുവെടി വെച്ചത്. രണ്ടു മയക്കുവെടി വെച്ചു.
മൂന്നു കുങ്കിയാനകളുടെ സഹായത്തോടെയാണ് അരിക്കൊമ്പനെ അനിമൽ ആംബുലൻസ് വാഹനത്തിൽ കയറ്റിയത്. രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് അരിക്കൊമ്പനെ മയക്കു വെടിവെക്കുന്നത്. ഏപ്രില്‍ 29 നാണ് കേരള വനംവകുപ്പ് ആദ്യം അരിക്കൊമ്പനെ മയക്കുവെടി വെച്ചത്. തുടര്‍ന്ന് പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നു വിടുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam