ഡൽഹി: രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. 288 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
ഒഡിഷയിലെ ബാലസോറിലെ ബഹനഗ റെയിൽവേ സ്റ്റേഷന് സമീപം ഇന്നലെ വൈകീട്ട് 6.55നാണ് കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് മാറി ചരക്കു വണ്ടിയിൽ ഇടിച്ചു കയറിയത്. പാളം തെറ്റിയ ബോഗികളിൽ മൂന്നെണ്ണം തൊട്ടടുത്ത ട്രാക്കിൽ പോവുകയായിരുന്ന ഹൗറ സൂപ്പർ ഫാസ്റ്റിന് മുകളിലേക്ക് വീണതോടെ ദുരന്തത്തിന്റെ വ്യാപ്തി കൂടി. ഇന്ന് ഉച്ചയോടെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു.
അതേസമയം, ട്രെയിൻ അപകട സ്ഥലവും പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന കട്ടക്കിലെ ആശുപത്രിയും സന്ദർശിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി. കൃത്യമായ അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ ശിക്ഷിക്കും. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും മോദി പറഞ്ഞു. അപകടത്തിന് കാരണം സിഗ്നൽ നൽകിയതിലെ പിഴവെന്ന് റെയിൽവേ സംഘത്തിന്റെ പ്രാഥമിക നിഗമനം.
അപകടസ്ഥലം പരിശോധിച്ച റെയിൽവേ ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. മെയിൻ ലൈൻ സിഗ്നൽ നൽകിയ കോറോമണ്ടൽ എക്സ്പ്രസ് പ്രവേശിച്ചത് ലൂപ് ലൈനിലാണ്. ഈ ലൈനിൽ തന്നെയായിരുന്നു ഗുഡ്സ് ട്രെയിനും നിർത്തിയിട്ടിരുന്നത്. കോറോമണ്ടൽ എക്സ്പ്രസ് പാളം തെറ്റിയത് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച ശേഷമാണെന്നും റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Read more: ഇന്ത്യയുടെ ചരിത്രത്തിലെ മൂന്നാമത്തെ വലിയ ട്രെയിൻ ദുരന്തം
നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിൽ ആദ്യം ഇടിച്ചത് കോറമണ്ഡൽ എക്സ്പ്രസാണെന്നും മാനുഷികമായ പിഴവാകാം ഈ ട്രാക്ക് മാറ്റത്തിന് കാരണമെന്നും പരിശോധിച്ച ഉദ്യോഗസ്ഥർ സംശയം ഉന്നയിച്ചു. അപകടം നടക്കുമ്പോൾ 130 കിലോമീറ്റർ വേഗതയിലാണ് കോറമണ്ഡൽ എക്സ്പ്രസ് ചരക്കുവണ്ടിയിലേക്ക് ഇടിച്ചുകയറിയത്. ഈ കൂട്ടിയിടിയിൽ കോറമണ്ഡൽ എക്സ്പ്രസിന്റെ 22 ബോഗികളും പാളം തെറ്റി. കോറമണ്ഡൽ എക്സ്പ്രസിന്റെ 3 ബോഗികൾ തൊട്ടടുത്ത ട്രാക്കിലൂടെ പോവുകയായിരുന്ന ട്രെയിനിലേക്ക് വീണതോടെ നേർവഴിയിൽ പോയ ഹൗറ സൂപ്പർഫാസ്റ്റും അപകടത്തിൽപെടുകയായിരുന്നു.
രക്ഷാദൗത്യം പൂർത്തിയായെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. ഗതാഗതം പുനഃസ്ഥാപിക്കാൻ നടപടി തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതമാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടുലക്ഷം രൂപയും മറ്റുള്ളവർക്ക് 50000 രൂപയും ലഭിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam