കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ (16307) ജനറല്‍ കോച്ചിന് തീയിട്ട സംഭവത്തില്‍ കസ്റ്റഡിയിലുള്ള പശ്ചിമ ബംഗാള്‍ സ്വദേശി തന്നെയാണ് പ്രതിയെന്ന് സ്ഥിരീകരിച്ച് പോലീസ്. ബംഗാളിലെ 24 സൗത്ത് പ്രഗ്നാനസ് സ്വദേശിയായ പ്രസൂണ്‍ജിത് സിക്ദര്‍ (40) ആണ് ട്രെയിന്‍ തീവെച്ചിരിക്കുന്നതെന്നാണ് ഉത്തരമേഖല ഐജി നീരജ് ഗുപത് അറിയിച്ചിരിക്കുന്നത്.
ട്രെയിനില്‍ നിന്ന് ലഭിച്ച വിരലടയാളവും ദൃക്സാക്ഷിയുടെ മൊഴിയുമാണ് ഇയാള്‍ക്കെതിരെ നിര്‍ണായക തെളിവായി മാറിയത്. പ്രതിക്കെതിരെ വ്യക്തമായ തെളിവ് ലഭിച്ചെന്ന് ഉത്തര മേഖല ഐജി വ്യക്തമാക്കി.
ഭിക്ഷാടനം നടത്താന്‍ അനുവദിക്കാത്തതിന്റെ നിരാശയാണ് ഇയാള്‍ ആക്രമണം നടത്താന്‍ കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. കസ്റ്റഡിയിലുള്ള പ്രതിയെക്കുറിച്ച് അന്വേഷിക്കാന്‍ കണ്ണൂരില്‍ നിന്നുള്ള പൊലീസ് സംഘം കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ടു. സംഭവത്തില്‍ എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read more: കണ്ണൂർ ട്രെയിൻ തീവയ്പ് കേസ്: കേരളാ പൊലീസ് സംഘം കൊൽക്കത്തയിൽ
ഭിക്ഷാടനത്തിന്റെ ഭാഗമായി തലശ്ശേരിയിലെത്തിയ ഇയാള്‍ക്ക് പണമൊന്നും ലഭിച്ചിരുന്നില്ല. അതില്‍ ഇയാള്‍ക്ക് മാനസിക സംഘര്‍ഷത്തിലായിരുന്നു. തുടര്‍ന്ന് കണ്ണൂരിലേക്ക് നടന്നാണ് എത്തിയത്. മാനസിക സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് ഇയാള്‍ ട്രെയിന്‍ തീവെച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍ എന്നും ഐജി പറഞ്ഞു. മറ്റ് അട്ടിമറികളോ ഗൂഢാലോചനയോ നടന്നിട്ടില്ലെന്നും പൊലീസ് പറയുന്നു.
തീപ്പെട്ടി ഉപയോഗിച്ചാണ് ഇയാള്‍ തീവയ്പ്പ് നടത്തിയതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. വലിയ തോതിലുള്ള ഇന്ധനങ്ങളൊന്നും തന്നെ പ്രതി കൈയില്‍ കരുതിയിരുന്നില്ല. പ്രതിയെ കുറ്റകൃത്യം നടത്താന്‍ മറ്റാരും പ്രേരിപ്പിച്ചിട്ടില്ലെന്നും ആരുമായും പ്രതി ഗൂഢാലോചന നടത്തിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
കൊല്‍ക്കത്തയിലും മുംബൈയിലും ഡല്‍ഹിയിലും ഇയാള്‍ ഹോട്ടലില്‍ ജോലി ചെയ്ത ഇയാള്‍ രണ്ടു വര്‍ഷം മുമ്പ് വരെ പ്ലാസ്റ്റിക് ബോട്ടില്‍ പെറുക്കി വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്. ഇതിന് ശേഷം ഭിക്ഷാടനത്തിലേക്ക് തിരിഞ്ഞതെന്നും വ്യക്തമാക്കി. കസ്റ്റഡിയിലുള്ള ഇയാളെ ഉടന്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നും ഐജി വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam