ജിദ്ദ: സൗദി ബഹിരാകാശ സഞ്ചാരികളായ റയാന ബർനാവി, അലി അൽഖർനി എന്നിവരുടെ ദൗത്യം വിജയിച്ചതായി സൗദി ബഹിരാകാശ അതോറിറ്റി പ്രഖ്യാപിച്ചു. ഇവരോടൊപ്പം മറ്റ് രണ്ട് സഹയാത്രികരെയും വഹിച്ചു കൊണ്ടുള്ള ബഹിരാകാശ പേടകം ‘ആക്സ് 2’ ഭൂമിയിൽ ഇറങ്ങിയിരിക്കുന്നു. എട്ട് ദിവസത്തെ ബഹിരാകാശ യാത്രക്ക് ശേഷമാണ് ഇവരെ വഹിച്ചു കൊണ്ടുള്ള പേടകം മെക്‌സിക്കൻ ഉൾക്കടലിൽ സുരക്ഷിതമായി ഇറങ്ങിയത്. മടക്കയാത്ര ഏകദേശം 12 മണിക്കൂറെടുത്തതായി അതോറിറ്റി വ്യക്തമാക്കി.
സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം ബഹിരാകാശ മേഖലയിലെ ദേശീയവും ശാസ്ത്രീയവുമായ നേട്ടങ്ങളുടെ അഭിമാനത്തിന്റെ നിമിഷങ്ങളാണിത്. ഈ ദൗത്യം നാഴികകല്ലാണ്. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ഒരു ശാസ്‌ത്രീയ യാത്രയ്‌ക്ക് ശേഷമാണ് ഇരുവരും തിരിച്ചെത്തിയിരിക്കുന്നത്. മാനവരാശിയെ സേവിക്കുന്ന ശാസ്‌ത്രീയ ഗവേഷണത്തിന് സംഭാവന നൽകുന്നതിനും ആഗോളതലത്തിൽ ബഹിരാകാശ മേഖലയും അതിന്റെ വ്യവസായങ്ങളും നൽകുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും ദേശീയ കഴിവുകൾ കെട്ടിപ്പടുക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് ഈ ദൗത്യം ശക്തിപകരും.അതോടൊപ്പം ബഹിരാകാശ യാത്രികർക്കായുള്ള ബഹിരാകാശ ശാസ്ത്ര ദൗത്യങ്ങളും ഗവേഷണ യാത്രകളും നടത്തുന്ന ചുരുക്കം ചില രാജ്യങ്ങളിൽ സൗദി അറേബ്യയും ഉൾപ്പെട്ടതായും അതോറിറ്റി പറഞ്ഞു.
ബഹിരാകാശ ദൗത്യത്തിന് പോകുന്ന ആദ്യത്തെ അറബ് വനിത എന്ന റെക്കോർഡ് റയാന ബർനാവി ഇതോടെ കരസ്ഥമാക്കി. ‘എല്ലാ കഥകളും അവസാനിക്കുന്നു, ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ പ്രദേശത്തിനും ഒരു പുതിയ യുഗത്തിന്റെ തുടക്കം മാത്രമാണ്.’ തിരിച്ചെത്തിയ റയാന ബർനാവി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam