തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആറു മണിക്കൂറിലധികം വരാന്തയിൽ കിടന്ന രോഗി ചികിത്സ കിട്ടാതെ മരിച്ചതായി ആരോപണം. കൊല്ലം പാരിപ്പള്ളി മുക്കട കാറ്റാടിമുക്ക് സസ്പുൽ ഹവേലിയിൽ പരേതനായ അജികുമാർ-നിഷ ദമ്പതിമാരുടെ മകൻ ഗിൽജിത്തിന്റെ (21) മരണത്തിലാണ് ചികിത്സ നിഷേധിച്ചതായി ആരോപിക്കുന്നത്.
23ന് ഉച്ചയ്ക്ക് 2.30ന് കൊല്ലം കൊട്ടിയത്തുണ്ടായ അപകടത്തിലാണ് പരിക്കേറ്റത്. ഗിൽജിത്ത് സഞ്ചരിച്ച ബൈക്ക് ലോറിയിൽ തട്ടി ഓട്ടോറിക്ഷയിൽ ഇടിച്ചാണ് അപകടം. കൊല്ലത്തെ എൻജിനിയറിങ് കോളേജിലെ അവസാനവർഷ വിദ്യാർഥിയായിരുന്നു.
അപകടമുണ്ടായ ഉടനെ ഗിൽജിത്തിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ കൈകാലുകൾക്ക് പൊട്ടൽ ഉള്ളതായി കണ്ടെത്തി. സി.ടി.സ്കാനിൽ കുഴപ്പങ്ങൾ കണ്ടെത്തിയില്ലെന്നും ബന്ധുക്കൾ പറയുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സിക്കാൻ സാമ്പത്തിക പ്രശ്നമുള്ളതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആശുപത്രിയിൽ എത്തിക്കുന്ന സമയത്തും പിന്നീടും ഗിൽജിത്ത് സംസാരിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. വെള്ളം ചോദിച്ചിട്ടും കൊടുക്കാൻ ഡോക്ടർമാർ സമ്മതിച്ചില്ല എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. രാത്രി എട്ടുമണിയോടെ ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. ഓർത്തോ വിഭാഗത്തിലെ ഡോക്ടർ പ്രാഥമിക പരിശോധന നടത്തി വേദന സംഹാരി കൊടുത്തു വരാന്തയിലേക്ക് സ്ട്രക്ചറിൽ മാറ്റിയിട്ടതായാണ് ബന്ധുക്കളുടെ പരാതി.
ഗിൽജിത്തിന്റെ അമ്മയെ ആദ്യം ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചെങ്കിലും സഹായികളെ കയറ്റിയില്ല. ഇവരെ സെക്യൂരിറ്റി തടയുകയും അസഭ്യം വിളിക്കുകയും ചെയ്തതായി പരാതിയിൽ വ്യക്തമാകുന്നു. പല തവണ അവസ്ഥ ബോധിപ്പിച്ചതോടെയാണ് ഇവരെ അകത്തേക്ക് കയറ്റിയത്.
സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ച റിപ്പോർട്ടുകൾ തങ്ങളുടെ പക്കലുണ്ടായിട്ടും ഇത് നോക്കാൻ അധികൃതർ തയ്യാറായില്ല. പിന്നീട് ഏറെ വൈകി എക്സ്റേയും സി.ടി. സ്കാനും എടുത്ത് കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു. റിപ്പോർട്ടുകൾ എടുക്കാൻ താഴത്തെ നിലയിലേക്ക് പലതവണ കൊണ്ടുവന്നു. പുലർച്ചെ രണ്ടുമണി വരെ റിപ്പോർട്ടുകൾക്കായി ഓടിച്ചെന്നും ഗിൽജിത്തിന്റെ കൂട്ടുകാർ ആരോപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു