അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ വില്ലനായി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കനത്ത. ചെന്നൈ സൂപ്പര്‍ കിങ്സ് മറുപടി ബാറ്റിങ്ങിനിറങ്ങിയപ്പോഴാണ് മഴ പെയ്തത്. ആദ്യ മൂന്ന് പന്തുകള്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ മഴ പെയ്യുകയായിരുന്നു. ചെന്നൈ വിക്കറ്റ് നഷ്ടപ്പെടാതെ നാല് റണ്‍സെടുത്തിട്ടുണ്ട്. ഋതുരാജ് ഗെയ്ക്വാദും ഡെവോണ്‍ കോണ്‍വെയുമാണ് ക്രീസില്‍.
ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തു. 96 റണ്‍സെടുത്ത് വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. ഐ.പി.എല്‍ ഫൈനലിലെ ഒരു ടീമിന്റെ ഏറ്റവുമുയര്‍ന്ന സ്കോറാണിത്.
ഇന്നിംഗ്സിന്റെ ഇടവേളയില്‍ ചെറുതായി മഴ ചാറിയെങ്കിലും സിഎസ്കെ ബാറ്റിംഗ് തുടങ്ങിയതിന് പിന്നാലെ കനക്കുകയായിരുന്നു. ഇതോടെ മത്സരം പുനരാരംഭിക്കാന്‍ ഏറെ സമയം വേണ്ടിവരും എന്നുറപ്പായി. ഇന്നലെ നടക്കേണ്ടിയിരുന്ന ഫൈനല്‍ കനത്ത മഴ മൂലം ടോസ് പോലും ഇടാനാവാതെ ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിനുവേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് നല്‍കിയത്. ശുഭ്മാന്‍ ഗില്‍ 20 പന്തില്‍ 39 റണ്‍സും വൃദ്ധിമാന്‍ സാഹ 39 പന്തില്‍ 54 റണ്‍സും റാഷിദ് ഖാന് അക്കൗണ്ട് തുറക്കാതെ പുറത്തായപ്പോള്‍ നായകന് ഹാര്‍ദിക് പാണ്ഡ്യ 12 പന്തില്‍ 21* റണ്‍സുമായി പുറത്താവാതെ നിന്നു. സിഎസ്കെയ്ക്കായി മതീഷ പതിരാന രണ്ടും രവീന്ദ്ര ജഡേജയും ദീപക് ചാഹറും ഓരോ വിക്കറ്റും സ്വന്തമാക്കി. ഐപിഎല്ലിലെ അഞ്ചാം കിരീടം എം എസ് ധോണിക്കും ചെന്നൈ സൂപ്പര്‍ കിംഗ്സിനും സ്വന്തമാക്കണമെങ്കില്‍ 215 റണ്‍സ് വേണം.
ഓവറുകള്‍ വെട്ടിച്ചുരുക്കാനുള്ള സമയപരിധിയാവാന്‍ ഇനിയുമേറെ നേരം ഉള്ളതിനാല്‍ മഴ അവസാനിച്ചാല്‍ 20 ഓവര്‍ വീതമുള്ള ഫൈനല്‍ തന്നെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പ്രതീക്ഷിക്കാം. മഴ അവസാനിച്ച് അര മണിക്കൂര്‍ നേരമെങ്കിലും കുറഞ്ഞത് വേണ്ടിവരും മൈതാനത്തെ ജലം പൂര്‍ണമായും തുടച്ചുനീക്കി മത്സരയോഗ്യമാക്കാന്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു