മൂന്നാര്‍: മൂന്നാറിലെ സൈലന്റ്വാലി എസ്റ്റേറ്റില്‍ വീണ്ടും പുലിയുടെ ആക്രമണം. സൈലന്റ്വാലി എസ്റ്റേറ്റിലെ രണ്ടാം ഡിവിഷന് തൊഴിലാളിയായ രാജയുടെ പശുവാണ് പുലിയുടെ ആക്രമണത്തില്‍ ചത്തത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ നാലു പശുക്കളാണ് പുലിയുടെ ആക്രമണത്തില്‍ ചത്തത്. മേയാന്‍ വിട്ട പശു വീട്ടിലേക്ക് എത്താത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് സമീപത്തെ പൊന്തക്കാട്ടില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്.
ഉപജീവനമാര്‍ഗമായ കന്നുകാലികളെ പുലിയും കടുവയുമെല്ലാം കൊന്നൊടുക്കുന്നത് മൂന്നാര്‍ തോട്ട മേഖലയില്‍ പതിവാകുകയാണ്. നൂറിലേറെ പശുക്കള്‍ ആണ് പുലിയുടെയും കടുവയുടെയും അക്രമണത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ചത്തത്.
അതേസമയം, വന്യമൃഗ ശല്യം പരിഹരിക്കാൻ സർക്കാർ സഹായത്തോടെ ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ ഏറ്റെടുക്കാനും ഇടുക്കി പാക്കേജിൽ പത്ത് കോടി രൂപ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കാനും തീരുമാനം. ജില്ലയിൽ വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും പരിഹാരമാർഗങ്ങളും സംബന്ധിച്ച് തുടർ നടപടികൾ സ്വീകരിക്കാൻ ചേർന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം.
സർക്കാർ സഹായത്തോടെയുള്ള പദ്ധതികളാണ് തയാറാക്കുന്നത്. ജില്ലതലത്തിലും പ്രാദേശികതലത്തിലും മോണിറ്ററിങ് സംവിധാനങ്ങൾ ഏർപ്പെടുത്താനും മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും വനം വകുപ്പിന്റെയും സഹകരണത്തോടെ സാധ്യമായ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു