കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി വാഹന ഉടമകളുടെ കൂട്ടായ്മയായ ഇലക്ട്രിക് വെഹിക്കിൾസ് ഓണേഴ്സ് കേരളയുടെ വാർഷിക സമ്മേളനം സംസ്ഥാന വ്യവസായ-നിയമ-കയർ വകുപ്പുമന്ത്രി പി രാജീവ് ഉത്ഘാടനം ചെയ്തു. ഇ-വെഹിക്കിൾ വ്യവസായങ്ങൾക്കായി സംസ്ഥാനത്ത് സ്പെഷ്യൽ സോൺ തുറക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
ബാറ്ററി ഉൽപ്പാദനം, ടെക്നോളജി വികസനം തുടങ്ങിയ വിവിധങ്ങളായ വൈദ്യുതി വാഹന അനുബന്ധ വ്യവസായങ്ങൾ പ്രത്യേക സോണിൽ പ്രവർത്തിപ്പിക്കാം എന്നതാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. കെഎസ്ഇബിയുടേയും സ്വകാര്യ കമ്പനികളുടെയും നേതൃത്വത്തിൽ സംസ്ഥാനത്ത് കൂടുതൽ വൈദ്യുതി വാഹന ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ സർക്കാർ പ്രോത്സാഹനം നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കളമശ്ശേരി ആഷിസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ സംസ്ഥാനമോട്ടാകെ ഇവോക് ആരംഭിക്കുന്ന 30 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളുടെയും, ചാർജിങ് മൊബൈൽ അപ്ലിക്കേഷന്റേയും ലോഞ്ച് എംപി ഹൈബി ഈഡൻ നിർവഹിച്ചു.
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുവാൻ ലക്ഷ്യമിട്ട് അടിസ്ഥാന സൗകര്യ വികസനത്തിനായി വൈദ്യുതി വാഹന ഉടമകളുടെ കേരളത്തിലെ കൂട്ടായ്മയായ ഇവോക് നടത്തുന്ന പ്രവർത്തനങ്ങൾ രാജ്യത്ത് തന്നെ മാതൃകയാണെന്ന് എംപി ഹൈബി ഈഡൻ പറഞ്ഞു.
ഇവി ചാർജിങ് സ്റ്റേഷൻ രംഗത്തെ മുൻനിര കേരള സ്റ്റാർട്ട്അപ്പായ ചാർജ്മോഡുമായി സഹകരിച്ചാണ് ഇവോക് കേരളമോട്ടാകെ ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളും ചാർജിങ് സ്റ്റേഷനുകളുടെ ഉപയോഗം വാഹന ഉടമകൾക്ക് എളുപ്പത്തിലാക്കാൻ സഹായിക്കുന്ന മൊബൈൽ അപ്ലിക്കേഷനും ഒരുക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂട്ടുന്നതിന് വേണ്ടിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും പ്രശ്നരഹിതമായി ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗനിർദേങ്ങളും സംസ്ഥാനമോട്ടാകെ നൽകി വരുന്ന സംഘടയാണ് ഇവോക്(EVOK). രാജ്യത്തെ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കുന്നത്തിനും പ്രചരിപ്പിക്കുന്നതിനുമുള്ള വിവിധ ഏജൻസികളുടെ ഉദ്യമങ്ങളെ പിന്തുണക്കുകയും സഹായിക്കുകയുമാണ് ഇവോക്കിന്റെ മുഖ്യ ലക്ഷ്യം.
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുവാൻ ലക്ഷ്യമിട്ട് അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി കേരളമുടനീളം 30 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളാണ് ഇവോക് ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷം അത് 100 ആയി ഉയർത്തുകയാണ് ലക്ഷ്യം.
കൂടാതെ വീടുകളിൽ സൗരോർജ്ജ ഉപഭോഗം വർദ്ധിപ്പിക്കുക, ഇലക്ട്രിക് വാഹനങ്ങൾ സൗരോർജ്ജത്തിൽ ചാർജ് ചെയ്യുക, മറ്റ് പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങൾ എന്നിവക്കും ഇവോക് നേതൃത്വം നൽകുന്നുണ്ട്.
സമ്മേളനത്തിന്റെ ഭാഗമായി സുസ്ഥിര ഊർജജ മേഖലയുമായി ബന്ധപ്പെട്ട് വിദഗ്ധർ പങ്കെടുത്ത വിവിധ സെമിനാറുകളും, അനുബന്ധ വ്യവസായങ്ങളുടെ പ്രദർശനങ്ങളും നടന്നു. ഇവോക് സംസ്ഥാന പ്രസിഡന്റ് അഞ്ചൽ റെജിമോൻ, സെക്രട്ടറി ഡോ. രാജസേനൻ നായർ, ട്രെഷറർ എംഐ വിശ്വനാഥൻ, ചാർജ്മോഡ് സിഇഒ രാമനുണ്ണി, സംസ്ഥാനത്തെ നൂറുകണക്കിന് ഇലക്ട്രിക് വാഹന ഉടമകൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു