ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കോൺഗ്രസ് 150 സീറ്റുകൾ നേടുമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ധേഹം. രാഹുൽ വെറുതെ മനപായസം ഉണ്ടോട്ടെയെന്നും ബിജെപി ഇരുനൂറിലധികം സീറ്റുകൾ നേടി വീണ്ടും അധികാരത്തിൽ വരുമെന്നും ശിവരാജ് സിംഗ് പറഞ്ഞു.
കർണാടകയിലെ കോൺഗ്രസ് വിജയം മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നും 150 സീറ്റുകൾ നേടുമെന്നുമായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് മുന്നോടിയായുള്ള യോഗത്തിന് ശേഷമായിരുന്നു രാഹുലിന്റെ പ്രസ്താവന.
മധ്യപ്രദേശ് പിസിസി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ്, കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുന ഖാർഗെ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ.സി.വേണുഗോപാൽ തുടങ്ങിയവർ പാർട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിൽ പങ്കെടുത്തു.
മധ്യപ്രദേശിന്റെ ഭാവി സുരക്ഷിതമാക്കുകയാണ് ലക്ഷ്യമെന്ന് മുൻ മുഖ്യമന്ത്രി കമൽനാഥും വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കായി നടപ്പിലാക്കുന്നത് ഒരോന്നായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ അദ്ദേഹം നാലര മാസം കഴിഞ്ഞാണ് തെരഞ്ഞെടുപ്പെന്നും അതിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞുവെന്നും വ്യക്തമാക്കി.
ഈ വർഷം അവസാനമാണ് മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. 230 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ്. 2018-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 114 സീറ്റുകൾ നേടി അധികാരം പിടിച്ചെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയുടെ വിമത പ്രവർത്തനത്തിലൂടെ 2020-ൽ ഭരണം നഷ്ടമാവുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു