അഹമ്മദാബാദ്: ആരാധകര്‍ കാത്തിരുന്ന ഐ.പി.എല്‍ ഫൈനലിന് തുടക്കം. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് നായകന് മഹേന്ദ്ര സിങ് ധോനി ബൗളിങ് തിരഞ്ഞെടുത്തു. ചെന്നൈ സൂപ്പര്‍ കിങ്സും ഗുജറാത്ത് ടൈറ്റന്‍സും പ്ലേ ഓഫില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തി.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ആദ്യ ട്വന്റി 20 ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ എം.എസ്. ധോനിയാണ് ചെന്നൈയെ നയിക്കുന്നതെങ്കില്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ടി 20 ടീം ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ഗുജറാത്ത് ഇറങ്ങുന്നത്.
ഐ.പി.എല്‍. പ്രാഥമിക റൗണ്ട് മത്സരം കഴിഞ്ഞപ്പോള്‍ ഗുജറാത്ത് ഒന്നാമതും ചെന്നൈ രണ്ടാമതുമായിരുന്നു. ഒന്നാം ക്വാളിഫയറില്‍ ചെന്നൈ ഗ്രൗണ്ടില്‍ ഗുജറാത്തിനെ തകര്‍ത്ത് ചെന്നൈ ഫൈനലിലെത്തിയപ്പോള്‍, വെള്ളിയാഴ്ച രണ്ടാം ക്വാളിഫയറില്‍ മുംബൈയെ ആധികാരികമായി തോല്‍പ്പിച്ചാണ് ഗുജറാത്ത് ഫൈനലിനെത്തുന്നത്. അതുകൊണ്ടുതന്നെ തുല്യശക്തികളുടെ പോരാട്ടമാകും ഫൈനല്‍.
ഇന്നലെ നടക്കേണ്ടിയിരുന്ന ഫൈനലാണ് കനത്ത മഴയെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റിവെച്ചത്. മഴ കനിഞ്ഞാൽ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 7.30ന് മത്സരം ആരംഭിക്കും.
ഇന്നലെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് – ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍ പോരാട്ടത്തിന്റെ ടോസ് വൈകിയിരുന്നു. ഒടുവില്‍ ഇന്ത്യന്‍ സമയം രാത്രി 10.54-ന് മൈതാനത്ത് അവസാനഘട്ട പരിശോധന നടത്തിയ അമ്പയര്‍മാരും മാച്ച് റഫറിയും ഞായറാഴ്ച ഇനി മത്സരം നടക്കില്ലെന്ന് അറിയിക്കുകയായിരുന്നു.
1,30,000-ത്തോളം കാണികളെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയത്തില്‍ ഐ.പി.എല്‍. ഫൈനലിനനുവദിച്ച ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നതായി സംഘാടകര്‍ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു