അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലുള്ള ഐപിഎൽ ഫൈനൽ മത്സരം നാളെ നടക്കും. മൊട്ടേര നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തിങ്കളാഴ്ച വൈകിട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുക.
ഫൈനൽ ദിനമായ ഇന്ന് കനത്ത മഴയായതിനാൽ കളി റിസർവ് ദിനമായ നാളത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഇന്ന് ടോസിടുന്നതിന് അല്പം മുൻപ് തുടങ്ങിയ മഴ ഇടയ്ക്ക് മാറിനിന്നെങ്കിലും വീണ്ടും ശക്തമായി തിരികെയെത്തുകയായിരുന്നു. ഇതുവരെ മഴ മാറിയിട്ടില്ല. ഐപിഎൽ ചരിത്രത്തിൽ ആദ്യമായി ആണ് ഫൈനൽ മത്സരം മഴ മൂലം മാറ്റിവയ്ക്കുന്നത്.
ഇന്ന് രാത്രി 9:35-ന് മുമ്പ് മത്സരം ആരംഭിക്കാൻ സാധിച്ചിരുന്നെങ്കിൽ ഓവറുകൾ വെട്ടിച്ചുരുക്കാത തന്നെ മത്സരം പൂർത്തിയാക്കാമായിരുന്നു. ഒമ്പത് മണിക്ക് മൈതാനത്ത് കവറുകൾ നീക്കം ചെയ്ത് റോളറുകൾ ഉപയോഗിച്ച് ഈർപ്പം കളയാനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും വീണ്ടും മഴ എത്തുകയായിരുന്നു.
റിസർവ് ദിനമായ തിങ്കളാഴ്ചയും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വൃത്തങ്ങൾ അറിയിച്ചത്. മഴ വീണ്ടും വില്ലനായാൽ, ഓവറുകൾ വെട്ടിച്ചുരുക്കി പോരാട്ടം നടത്തും. രാത്രി 11:56-ന് മുമ്പുവരെയുള്ള സമയത്ത് മത്സരം ആരംഭിക്കാനായാൽ അഞ്ച് ഓവർ വീതമെങ്കിലുമുള്ള രണ്ട് ഇന്നിംഗ്സുകളുടെ പോരാട്ടം നടത്തും.
ഇതും സാധ്യമായില്ലെങ്കിൽ സൂപ്പർ ഓവർ മാത്രം നടത്തി വിജയിയെ നിശ്ചയിക്കും. അർധരാത്രി 12:06 ആണ് സൂപ്പർ ഓവർ ആരംഭിക്കാനുള്ള അവസാന സമയം. സൂപ്പർ ഓവർ പോലും നടത്താനായില്ലെങ്കിൽ ലീഗിലെ പോയിന്റ് പട്ടികയിൽ സിഎസ്കെയെക്കാൾ മുന്നിട്ട് നിന്ന് ഗുജറാത്ത് ടൈറ്റൻസിന് കപ്പ് ലഭിക്കും.
ബാറ്റിങ്ങിനെ സഹായിക്കുന്ന വിക്കറ്റാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലേത്. 187 റൺസാണ് ഈ ഐപിഎലിൽ ഇവിടെ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ശരാശരി സ്കോർ. ന്യൂബോളിൽ പേസ് ബോളർമാർക്ക് പിന്തുണ ലഭിക്കുമെങ്കിലും മത്സരം പുരോഗമിക്കുന്നതിനനുസരിച്ച് ബാറ്റിങ്ങിന് അനുകൂലമാകും. സീസണിൽ ഇവിടെ നടന്ന 6 മത്സരങ്ങളിൽ ആദ്യം ബാറ്റ് ചെയ്ത ടീം മൂന്നും രണ്ടാമത് ബാറ്റ് ചെയ്ത ടീം മൂന്നും മത്സരങ്ങൾ ജയിച്ചു. ഐപിഎലിൽ കഴിഞ്ഞ 2 സീസണുകളിലുമായി 4 തവണയാണ് ചെന്നൈയും ഗുജറാത്തും നേർക്കുനേർ വന്നത്. ഇതിൽ 3 തവണയും ജയം ഗുജറാത്തിനൊപ്പമായിരുന്നു. ചെന്നൈയുടെ ഏക ജയം ഇത്തവണ ഒന്നാം ക്വാളിഫയറിൽ ഏറ്റുമുട്ടിയപ്പോൾ.
ഗ്രൂപ്പ് ഘട്ടത്തിലെ 14 മത്സരങ്ങളിൽ പത്തും ജയിച്ച് 20 പോയിന്റോടെ ഒന്നാം സ്ഥാനക്കാരായാണ് ഗുജറാത്ത് പ്ലേ ഓഫിൽ എത്തിയത്. 14 മത്സരങ്ങളിൽ നിന്ന് 8 ജയവുമായി 17 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്. ലക്നൗവിനെതിരെ മത്സരത്തിൽ മഴ മൂലം പോയിന്റ് പങ്കുവച്ചു. ഒന്നാം ക്വാളിഫയറിൽ ഗുജറാത്തിനെ തോൽപിച്ച് ചെന്നൈ ഫൈനലിൽ കടന്നപ്പോൾ എലിമിനേറ്ററിൽ മുംബൈയെ തകർത്താണ് ഗുജറാത്തിന്റെ ഫൈനൽ പ്രവേശനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു