ക്വാലാലംപൂര്‍: ബാഡ്മിൻ്റണിലെ അഭിമാന ടൂർണമെൻ്റായ മലേഷ്യ മാസ്റ്റേഴ്സ് കിരീടം മലയാളി താരം എച്ച് എസ് പ്രണോയ്ക്ക്. പുരുഷ സിംഗിള്‍സ് ഫൈനലില്‍ ചൈനയെയാണ് പ്രണോയ് കീഴടക്കിയത്. ചൈനീസ് താരം വെംഗ് ഹോംഗ് യാംഗ് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്.
മൂന്ന് ഗെയിമുകള്‍ നീണ്ട മത്സരത്തില്‍ ആദ്യ ഗെയിം പ്രണോയ് സ്വന്തമാക്കിയപ്പോൾ രണ്ടാം ഗെയിം വെംഗിനായിരുന്നു. അവസാന ഗെയിമിലും വെംഗ് മികവ് പ്രകടിപ്പിച്ചു. എന്നാൽ കലാശക്കൊട്ടിൽ പ്രണോയ് വിജയിച്ചു. സ്കോര്‍: 21-19, 13-21, 21-18.
ഇതോടെ മലേഷ്യ മാസ്റ്റേഴ്സ് നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരം എന്ന റെക്കോര്‍ഡാണ് പ്രണോയി സ്വന്തമാക്കിയത്. പ്രണോയിയുടെ ആദ്യ സൂപ്പര്‍ സീരീസ് കിരീടം കൂടിയാണിത്. അഞ്ചു വർഷം മുമ്പാണ് പ്രണോയ് അവസാനമായി ഒരു സിംഗിൾസ് കിരീടം സ്വന്തമാക്കിയത്.
ലോക റാങ്കിങ്ങിൽ ഒമ്പതാം സ്ഥാനത്തുള്ള പ്രണോയ് ടൂർണമെന്റിൽ ആറാം നമ്പർ താരം ചൗ ടിയെൻ ചെൻ, നിലവിലുള്ള ഓൾ ഇംഗ്ലണ്ട് ചാംപ്യൻ ലി ഷി ഫെങ്, മാഡ്രിഡ് മാസ്റ്റേഴ്സ് ജേതാവ് കെന്റ നിഷിമോട്ടോ എന്നിവരെ പരാജയപ്പെടുത്തിയാണ് മലേഷ്യയിൽ ഉജ്വല മുന്നേറ്റം നടത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു