അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിലെ ചെന്നൈ സൂപ്പര്‍ കിംഗ്സ്-ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലിന് ആശങ്കയായി മഴ. ഫൈനൽ നടക്കുന്ന അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേദിയത്തിൽ മഴ പെയ്യാൻ ആരംഭിച്ചിരിക്കുകയാണ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലുമുണ്ട് എന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് അഞ്ച് ഓവറെങ്കിലും കളി നടന്നില്ലെങ്കിൽ നാളെ റിസർവ് ഡേയിൽ കളി നടക്കും.
മത്സരത്തിന് ടോസിടാന്‍ അര മണിക്കൂര്‍ മാത്രം അവശേഷിക്കേയാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും പരിസരങ്ങളിലും മഴയെത്തിയത്. ഇതോടെ പിച്ച് പൂര്‍ണമായും മൂടിയിരിക്കുകയാണ്. ഫൈനലിനായി നേരത്തെ തന്നെ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിച്ച് തുടങ്ങിയിരുന്നു. ഇന്ന് വൈകിട്ട് അഹമ്മദാബാദില്‍ മഴയും കാറ്റും ഇടിയുമുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനമുണ്ടായിരുന്നു.
ചെന്നൈ സൂപ്പര്‍ കിംഗ്സ്-ഗുജറാത്ത് ടൈറ്റന്‍സ് മെഗാ ഫൈനലിനുള്ള മുഴുവന്‍ ടിക്കറ്റുകളും നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നേരത്തെ വിറ്റഴിഞ്ഞിരുന്നു. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ ഇവിടെ വിശിഷ്ടാതിഥികള്‍ അടക്കം ഒരുലക്ഷത്തിലധികം പേര് ഫൈനല്‍ വീക്ഷിക്കാനെത്തും. എന്നാല്‍ മഴ ഫൈനലിന്റെ ആവേശം ചോര്‍ത്തുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ സംഘാടകര്‍ക്ക്.
കിരീടപ്പോരിൽ നാല് തവണ ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്സ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസുമായാണ് ഫൈനലിൽ കൊമ്പുകോർക്കുക. ഐപിഎല്‍ കരിയറിലെ അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് ധോണിയും സിഎസ്കെയും ഇറങ്ങുക. എം എസ് ധോണിയുടെ അവസാന ഐപിഎല്‍ സീസണായിരിക്കും ഇതെന്ന അഭ്യൂഹങ്ങള്‍ മുമ്പേ തന്നെ ശക്തമായതിനാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സ്റ്റേഡിയം.
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് ഫൈനൽ മത്സരം. ഉദ്ഘാടന മത്സരത്തിൽ പോരടിച്ച ടീമുകൾ അതേ വേദിയിൽ തന്നെ ഫൈനൽ മത്സരവും കളിക്കുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.
ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും തമ്മിലുള്ള രണ്ടാം ക്വാളിഫയറാണ് ഇതിനു മുൻപ് അഹമ്മദാബാദില്‍ നടന്നത്. അന്ന് മഴ കാരണം കളി വൈകിയിരുന്നു. ടോസ് 45 മിനിറ്റോളമാണു വൈകിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു