ന്യൂഡൽഹി: പാർലമെൻറിനു മുന്നിലേക്ക് ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷം. ബാരിക്കേഡ് കടന്നെത്തിയ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞതാണ് സംഘർഷത്തിന് കരണമാക്കിയത്. സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള ഗുസ്തി താരങ്ങളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നൂറിലേറെ പ്രതിഷേധക്കാർ ജന്തർ മന്ദറിൽ എത്തിച്ചേർന്നു.
പുതിയ പാർലമെന്റ് മന്ദിരത്തിന് സമീപത്തേക്ക് പ്രതിഷേധവുമായി മുന്നോട്ട് പോകാൻ പോലീസ് അനുവദിച്ചില്ലെങ്കിൽ പോലീസ് തടയുന്നിടത്ത് വെച്ച് മഹാപഞ്ചായത്ത് നടത്തുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. തങ്ങൾ ബാരിക്കേഡ് തകർത്തിട്ടില്ലെന്ന് ഗുസ്തി താരം ബജ്റംഗ് പുനിയ പറഞ്ഞു. പാർലമെന്റിലേക്ക് പോകാൻ പോലീസ് അനുവദിച്ചില്ല. തുടർന്ന് ചില പ്രതിഷേധക്കാർ ബാരിക്കേഡ് ചാടി മുന്നോട്ട് നീങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.
സമരത്തിന് പിന്തുണയുമായെത്തിയ കർഷകരെ ഡൽഹി അതിർത്തികളിലും പോലീസ് തടഞ്ഞുനിർത്തി. പഞ്ചാബിൽനിന്നുള്ള കർഷക സംഘടനയായ ‘പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി’ പ്രവർത്തകരെ അംബാല അതിർത്തിയിൽ വച്ച് പോലീസ് തടഞ്ഞു. നിരവധി കർഷക നേതാക്കളും പോലീസ് കസ്റ്റഡിയിലാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു