ദില്ലി: യുപിയിലെ അയോധ്യയിൽ സ്വകാര്യ സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് പത്താം ക്ലാസുകാരി മരിച്ച നിലയിൽ. മകളെ കൂട്ടബലാത്സംഗം ചെയ്ത് തള്ളിയിട്ടതാണെന്ന് പിതാവ് ആരോപിച്ചു. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനും കായിക അധ്യാപകനുമടക്കം മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. അവധി ദിവസമാണ് സംഭവം. പ്രവൃത്തി ദിനം അല്ലാതിരുന്നിട്ടും വിദ്യാർത്ഥിയെ രാവിലെ 8:30 ന് പ്രിൻസിപ്പൽ വിളിച്ചുവരുത്തിയതായി പെൺകുട്ടിയുടെ പിതാവ്.
രാവിലെ 9:50 ന് കുട്ടി ഊഞ്ഞാലിൽ നിന്ന് വീണ് പരിക്കേറ്റതായി പ്രിൻസിപ്പൽ അറിയിച്ചു. സ്കൂളിൽ എത്തിയപ്പോൾ, കുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെന്ന് പറഞ്ഞു. അവളുടെ ശരീരമാസകലം മുറിവുകളുണ്ടായിരുന്നു, ഊഞ്ഞാലിൽ നിന്ന് വീണാൽ ഇത്തരം മുറിവുണ്ടാകില്ലെന്നും പിതാവ് പറഞ്ഞു. എന്നാൽ കെട്ടിടത്തിൽ നിന്ന് വീണതാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടം പ്രാഥമിക റിപ്പോർട്ട്. ഷോക്ക്, രക്തസ്രാവം എന്നിവയാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി പൊലീസ് പറഞ്ഞു.
Read More:കാട്ടാക്കട കോളേജിലെ തെരഞ്ഞെടുപ്പിലെ ആള്മാറാട്ടം; പ്രതികളെ പിടിക്കാതെ പോലീസ്
വിദ്യാർഥിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി ചികിത്സ തുടരുന്നതിനിടെയാണ് മരണം. ഊഞ്ഞാലിൽ നിന്ന് വീണതാണെന്ന പ്രിൻസിപ്പലിന്റെ മൊഴിക്ക് വിരുദ്ധമായി കുട്ടി സ്കൂൾ കെട്ടിടത്തിന്റെ ടെറസിൽ നിന്ന് വീണതായി നിരീക്ഷണ കാമറകളിൽ പതിഞ്ഞിട്ടുണ്ട്. സ്കൂളിൽ എത്തിയപ്പോൾ, പ്രിൻസിപ്പൽ അവളെ രണ്ട് പുരുഷന്മാർക്ക് കൈമാറിയെന്നും അവരിൽ ഒരാൾ കായികാധ്യാപകനായിരുന്നുവെന്നും അവർ അവളെ കൂട്ടബലാത്സംഗം ചെയ്തുവെന്നും കുട്ടി ചികിത്സയിലിരിക്കെ പറഞ്ഞതായി പിതാവ് പറഞ്ഞു. കുറ്റകൃത്യം മറയ്ക്കാൻ അവളെ ടെറസിൽ നിന്ന് എറിഞ്ഞുവെന്നും പിതാവ് ആരോപിക്കുന്നു.
ബലാത്സംഗമടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് സ്കൂൾ പ്രിൻസിപ്പൽ, സ്കൂൾ മാനേജർ, കായികാധ്യാപകൻ എന്നിവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പോക്സോ നിയമപ്രകാരവും കുറ്റം ചുമത്തിയെന്ന് അയോധ്യ പൊലീസ് സൂപ്രണ്ട് (സിറ്റി) മധുബൻ സിങ്ങിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പോസ്റ്റ്മോർട്ടം നടത്തി പെൺകുട്ടിയെ പോലീസിന്റെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു