മോദി സർക്കാരിന് കേരളത്തോടുള്ള അടങ്ങാത്ത പകയാണ് ഇന്നലെ നടത്തിയ ഈ കൊടിയ ആക്രമണത്തിൽ ദൃശ്യമാകുന്നത്. കേന്ദ്രം തന്നെ സമ്മതിച്ച കേരളത്തിന്റെ ഈ വർഷത്തെ വായ്പാപരിധി ഒരു വിശദീകരണവും നൽകാതെ, ഒരു ഒറ്റവരി കത്തിലൂടെ നേർപകുതിയായി വെട്ടിക്കുറച്ചിരിക്കുകയാണ് മോദി സർക്കാർ! എന്തും ചെയ്യാൻ മടിയില്ലാത്ത, രാഷ്ട്രീയമായി തങ്ങള്‍ക്കൊപ്പമല്ലാത്ത സംസ്ഥാനങ്ങളിലെ ജനങ്ങളെ ശത്രുക്കളായി കണക്കാക്കുന്നവരാണ് മോദി സർക്കാരെന്ന് ഇതിലൂടെ ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്.
കഴിഞ്ഞ വർഷത്തെ നാൽപതിനായിരം കോടിയോളം രൂപയുടെ ഭീമമായ വെട്ടിക്കുറവിന് ശേഷം ഈ വർഷം കേന്ദ്രം തന്നെ സമ്മതിച്ചതാണ് കേരളത്തിന് 32,442 കോടി രൂപ വായ്പയെടുക്കാമെന്നത്. പാർലമെന്റ് പാസാക്കിയ ധന ഉത്തരവാദിത്ത നിയമമനുസരിച്ച് ജിഎസ്ഡിപിയുടെ 3%വരെ വായ്പയെടുക്കാനുള്ള കേരളത്തിന്റെ അവകാശമനുസരിച്ചാണ് ഇത്രയും തുക വായ്പയെടുക്കാമെന്ന് കേന്ദ്രം അറിയിച്ചിരുന്നത്. അതിൽ നിന്നാണ് ഇന്നലത്തെ കത്തിലൂടെ ഒറ്റയടിക്ക് 17,052 കോടി രൂപാ വെട്ടിക്കുറച്ചത്. ചരിത്രത്തിലാദ്യമായാണ് ഇത്രയധികം തുക വെട്ടിക്കുറയ്ക്കുന്നത്.
മലയാള മനോരമയുടെ ഒന്നാംപേജ് വാർത്ത തുടങ്ങുന്നത് ഇങ്ങനെയാണ്. ‘മെച്ചപ്പെട്ടുവന്ന സംസ്ഥാനത്തിന്റ സാമ്പത്തികനിലയെ അതിഗുരുതര പ്രതിസന്ധിയിലേക്ക് വീണ്ടും തള്ളിവിട്ട് കേന്ദ്രത്തിന്റെ കടുംവെട്ട്’. മോദി സർക്കാരിന്റെ കുടില ലക്ഷ്യം ഇതുതന്നെയാണ്. കഴിഞ്ഞ വർഷം നാൽപതിനായിരത്തോളം കോടി രൂപ വെട്ടിക്കുറച്ചിട്ടും കേരളം പിടിച്ചുനിൽക്കുക മാത്രമല്ല, അതിജീവിക്കുകയും ചെയ്തു. കേരളം ശ്രീലങ്കയാകുമെന്നും കടക്കെണിയിൽ അകപ്പെടുമെന്നും ശമ്പളം മുടങ്ങുമെന്നും പെൻഷൻ കിട്ടാതാകുമെന്നും പ്രതീക്ഷിച്ച് കാത്തിരുന്ന മോദി സർക്കാരിനും ഇടതുപക്ഷത്തിന്റെ ശത്രുക്കള്‍ക്കും ആ അതിജീവനം ചെറിയ പ്രകോപനമല്ല ഉണ്ടാക്കിയത്. അത് അവർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അങ്ങനെ അതിജീവിക്കാൻ കേരളത്തെ സമ്മതിക്കില്ല, നശിപ്പിച്ചേ അടങ്ങൂ എന്ന പ്രതികാരമനോഭാവമാണ് ഇന്നലത്തെ നടപടിയിൽ കാണുന്നത്.
ജിഎസ്ഡിപിയുടെ അനുവദനീയ പരിധിയായ 3% പോലും കേരളത്തിന് അനുവദിക്കാതിരിക്കുകയും, അതുവെറും 1.5%മായി വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന മോദി സർക്കാർ എടുക്കുന്ന വായ്പയോ? ജി ഡി പിയുടെ 5.2%. കേരളത്തിന് കടമെടുപ്പിന് നിയന്ത്രണം നിശ്ചയിക്കുന്ന മോദി ഗവണ്‍മെന്റിന്റെ മൊത്തം വായ്പാത്തുക 155.80 ലക്ഷം കോടി രൂപ !! അതായത് ദേശീയ വരുമാനത്തിന്റെ 57.2%. കേരളത്തിന്റേതോ 38% മാത്രം. കേരളത്തേക്കാള്‍ 19% വായ്പാ അനുപാതം കൂടുതലുള്ള മോദി സർക്കാരാണ് കേരളത്തിന് പരിധി നിശ്ചയിക്കുന്നത്. കേരളം കിഫ്ബിയിലൂടെ ബോണ്ടിറക്കി വായ്പയെടുക്കുന്നതിനെ തടയുന്ന കേന്ദ്രം, ദേശീയപാതാ ഇൻഫ്രാട്രസ്റ്റ് എന്ന കമ്പനിയിലൂടെ അതേ ബോണ്ടിറക്കി ആയിരക്കണക്കിന് കോടിയുടെ വായ്പയെടുക്കുന്നു. കേന്ദ്രത്തിനാവാം, കേരളത്തിന് പാടില്ല. കാരണവർക്ക് അടുപ്പിലുമാകാം എന്നതാണ് ന്യായം. ഞങ്ങള്‍ക്കൊപ്പമല്ലെങ്കിൽ തുലച്ചുകളയും എന്ന ഭീഷണിയുടെ മനോഭാവം. വായ്പയുടെ കാര്യത്തിൽ മാത്രമല്ല, കേരളത്തിന് അർഹമായ നികുതിവിഹിതം അനുവദിക്കുന്നതിലും ഈ ശത്രുതയും വിവേചനവും കാണാം. കേരളത്തിന്റെ നികുതി വിഹിതത്തിന്റെ ഇരട്ടിയാണ് കേരളത്തേക്കള്‍ ജനസംഖ്യ കുറവായ ബിജെപി ഭരിക്കുന്ന അസമിന് കൊടുക്കുന്നത്. അത്ര പച്ചയായാണ്, മറയില്ലാതെയാണ് രാഷ്ട്രീയ ശത്രുത നടപ്പിലാക്കുന്നത്.
ഉദ്ദേശ്യം വളരെ വ്യക്തമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങളേയുള്ളൂ. അതിന് മുൻപ് കേന്ദ്രത്തിന്റെ എല്ലാ ദ്രോഹനടപടികളെയും അതിജീവിച്ച്, സ്വന്തം വരുമാനം കൂട്ടി, മെച്ചപ്പെട്ടുവരുന്ന കേരളത്തിന്റെ സമ്പദ്ഘടനയെ വീണ്ടും പടുകുഴിയിലേക്ക് തള്ളിയിടണം. കേരളമുയർത്തുന്ന, രാജ്യത്തിന് മാതൃകയായ വികസനക്ഷേമബദലിനെ ഇടിച്ചുനിരത്തണം. മോദി സർക്കാരിന്റെ എല്ലാ ദ്രോഹങ്ങളെയും അതിജീവിച്ച് നീതി ആയോഗിന്റെ എല്ലാ സൂചികകളിലും ഇന്ത്യയിൽ ഒന്നാം സ്ഥാനം കേരളം നിലനിർത്തുന്നതും മോദിക്കും സംഘപരിവാറിനും താങ്ങാനാവാത്ത ക്ഷീണമാണ്. സാമൂഹ്യക്ഷേമ പെൻഷൻ ഉള്‍പ്പെടെയുള്ള കേരളത്തിന്റെ സമാനതകളില്ലാത്ത ക്ഷേമപദ്ധതികള്‍ കേന്ദ്രത്തിന്റെ ഉറക്കം കെടുത്തുകയാണ്. അതെല്ലാം അട്ടിമറിക്കണം. ശമ്പളവും പെൻഷനും മുടക്കാനാണ് ശ്രമം. വാട്ടർ മെട്രോയും ഡിജിറ്റൽ സയൻസ് പാർക്കും ഉള്‍പ്പെടെയുള്ള വിസ്മയകരമായ വികസന പദ്ധതികള്‍ തുടരാൻ അനുവദിക്കാതിരിക്കലാണ് ലക്ഷ്യം. കേരളം മുടിഞ്ഞാലും അതിൽ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ തങ്ങള്‍ക്ക് ലാഭമുണ്ടാക്കാനാകുമോ എന്നതാണ് ബിജെപിയുടെ നോട്ടം.
കേരളത്തിനെതിരായ ഈ സാമ്പത്തികാക്രമണം മലയാളികള്‍ ഒറ്റക്കെട്ടായി ചെറുക്കണം. കക്ഷിരാഷ്ട്രീയത്തിന് അതീതമായി നേരിടണം. തൊട്ടപ്പുറത്തുള്ള കർണാടകയിലേയും തമിഴ്നാട്ടിലെയും ബിജെപിയിതര സർക്കാരുകള്‍ക്കെല്ലാം ഇതൊരു പാഠമാണ്. ബിജെപിയല്ലാത്ത ഒരു സർക്കാരിനെയും മുന്നോട്ടുപോകാൻ അനുവദിക്കില്ലെന്ന പാഠം. മറ്റു പല സംസ്ഥാനങ്ങളിലെയും പോലെ പണമൊഴുക്കിയും എംഎല്‍എമാരെ വിലയ്ക്കെടുത്തും കേരളം പിടിക്കാൻ കഴിയില്ലെന്ന് വന്നപ്പോള്‍, പണം മുടക്കിയും പ്രതിസന്ധി സൃഷ്ടിച്ചും അട്ടിമറി നടത്താനാണ് നീക്കം. ഈ നീക്കത്തിൽ പതിയിരിക്കുന്ന ആപത്ത്, സങ്കുചിത കക്ഷിരാഷ്ട്രീയത്തിനപ്പുറം തിരിച്ചറിയാൻ കേരളത്തിന്റെ പ്രതിപക്ഷത്തിനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ മലയാളികള്‍ ഒന്നടങ്കം ഈ കടന്നാക്രമണത്തെ ചെറുക്കേണ്ടതുണ്ട്. ഈ കണ്ണിൽച്ചോരയില്ലാത്ത ശത്രുതാ നടപടിക്ക് അർഹമായ തിരിച്ചടി ബിജെപിക്ക് കേരളജനത നൽകണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു