ലക്നൗ : ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നും ഡൽഹിയിലേയ്ക്ക് വിമാന സർവീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. കാൺപൂർ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് നിലവിൽ 11 വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 11 വിമാനത്താവളങ്ങൾ കൂടി ആരംഭിക്കും. നിലവിൽ 59 പുതിയ റൂട്ടുകൾ പ്രഖ്യാപിച്ചിരുന്നു. വരും നാളുകളിൽ 122 പുതിയ റൂട്ടുകൾ പ്രഖ്യാപിക്കുകയും ചെയ്യും.
കൂടാതെ, കാൺപൂരിനെ അലിഗഡിലെ പാന്ത്നഗറുമായി ബന്ധിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. സംസ്ഥാനത്ത് മൊത്തത്തിൽ 22 പുതിയ വിമാനത്താവളങ്ങൾ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. സംസ്ഥാനത്ത് ഡബിൾ എഞ്ചിൻ സർക്കാർ ഇപ്പോൾട്രിപ്പിൾ എഞ്ചിൻ സർക്കാരായി മാറിയിരിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.