കോഴിക്കോട്: കൊല്ലപ്പെട്ട ഹോട്ടല്‍ വ്യാപാരി സിദ്ദിഖിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രാഥമിക വിവരങ്ങള്‍ പുറത്ത് വന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി സിദ്ദിഖിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
കൊല്ലപ്പെടുന്നതിന്റെ മുമ്പ് സിദ്ദിഖും പ്രതികളുമായി മല്പിടിത്തം നടന്നതായി സംശയിക്കുന്നു. സിദ്ദിഖിന്റെ ശരീരത്തില്‍ മല്പിടിത്തം നടന്നതായുള്ള അടയാളങ്ങളുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. നെഞ്ചിലേറ്റ പരിക്കാകാം മരണം കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നെഞ്ചില്‍ ചവിട്ടിയതോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും വസ്തു ഉപയോഗിച്ച് ഇടിച്ചതോ ആകാമെന്നാണ് പറയുന്നത്. തലയ്ക്ക് അടിയേറ്റ പാടുകൾ ഉണ്ട്. ഇലക്ട്രിക് കട്ടർ ഉപയോഗിച്ചാണ് മൃതദേഹം മുറിച്ചുമാറ്റിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
നെഞ്ചിനേറ്റ ചവിട്ടിന്റെ ആഘാതത്തിൽ വാരിയെല്ലിന് പൊട്ടലേറ്റിട്ടുണ്ട്. മരിച്ചതിനു ശേഷമാണ് ശരീരം വെട്ടിമുറിച്ചത്. ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മൂന്ന് കഷണങ്ങളാക്കിയാണ് മുറിച്ചത്. കാലുകളും ഉടലും വെവ്വേറെയായിട്ടാണ് മുറിച്ചതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആറ് മണിക്കൂറിലധികമാണ് പോസ്റ്റ്മോർട്ടം നടപടികൾ നീണ്ടുനിന്നത്. ഫോറൻസിക് സർജൻ സുജിത്ത് ശ്രീനിവാസന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടന്നത്. തിരൂർ സ്വദേശിയായ സിദ്ദീഖ് (58) ആണ് കൊല്ലപ്പെട്ടത്.
അതേസമയം, സിദ്ദീഖിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ 22കാരനായ പാലക്കാട് സ്വദേശി ഷിബിലിയേയും സുഹൃത്ത് ഫർഹാനയേയും ഇന്ന് അർധ രാത്രിയോടെ കേരളത്തിലെത്തിക്കും. നേരത്തേ സിദ്ദീഖിന്റെ ഒളവണ്ണയിലെ ചിക്ക് ബേക്ക് എന്ന ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഷിബിലി.
കൊലപാതകത്തിന് ശേഷം ചെന്നൈയിലേക്ക് രക്ഷപ്പെട്ട ഇരുവരേയും റെയിൽവേ പൊലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. അതേസമയം അട്ടപ്പാടി ചുരം വളവിൽ നിന്നും കണ്ടെത്തിയ ട്രോളി ബാഗുകളിലുള്ളത് മൃതദേഹാവശിഷ്ടങ്ങൾ തന്നെയെന്ന് മകൻ സ്ഥിരീകരിച്ചിരുന്നു.
കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ ഏഴൂര്‍ മേച്ചേരി വീട്ടില്‍ സിദ്ദിഖിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെയാണ് അട്ടപ്പാടി ചുരത്തില്‍ നിന്ന് പോലീസ് കണ്ടെടുത്തത്. മൃതദേഹം മൂന്ന് കഷണങ്ങളാക്കി ട്രോളി ബാഗുകളിലാക്കി ഉപേക്ഷിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു