ഡൽഹി: പുതിയ പാർലമെന്റ് ഉദ്ഘാടന ചടങ്ങിൽ ജെ.ഡി.എസ് പങ്കെടുക്കുമെന്ന് ജെ.ഡി.എസ് അധ്യക്ഷൻ എച്ച്.ഡി ദേവഗൗഡ. രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് പാർലമെന്റ് നിർമ്മിച്ചത്. പാർലമെന്റ് രാജ്യത്തിന്റേതാണ് അല്ലാതെ ബി.ജെ.പിയുടെയോ ആർ.എസ്.എസിന്റെയോ ഓഫീസ് അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ പാർലമെന്റ് ഉദ്ഘാടന ചടങ്ങിലെ ബഹിഷ്കരണം ശരിയല്ലെന്ന് ബി.എസ്.പി നേതാവ് മായാവതി നേരത്തെ പ്രതികരിച്ചിരുന്നു. രാജ്യത്തിന്റെ പൊതുതാൽപര്യം സംരക്ഷിക്കണമെന്നും മറ്റു പരിപാടി ഉള്ളതിനാൽ തനിക്ക് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനാകില്ലെന്നുമായിരുന്നു മായാവതി പറഞ്ഞത്.
അതേസമയം, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നിർവഹിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിൽ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാൻ തീരുമാനിച്ച് കോൺഗ്രസുൾപ്പെടെ 20 പ്രതിപക്ഷ പാർട്ടികൾ. രാഷ്ട്രപതിയല്ല ഉദ്ഘാടനം ചെയ്യുന്നതെങ്കിൽ തങ്ങളില്ലെന്ന് പാർട്ടികൾ അറിയിച്ചു. വി.ഡി. സവർക്കറുടെ ജന്മവാർഷിക ദിനത്തിൽ ഉദ്ഘാടനം നിശ്ചയിച്ചതും ബഹിഷ്കരണ കാരണമായി പാർട്ടികൾ ചൂണ്ടിക്കാട്ടുന്നു.
ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുന്നത് ഭരണഘടനയെയും രാഷ്ട്രപതിയെയും അപമാനിക്കുന്ന നടപടിയാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ഇത് ജനാധിപത്യത്തോടുള്ള അവഹേളനവും ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണവുമാണ്. പാർലമെന്റിൽ നിന്ന് ജനാധിപത്യം പുറത്താക്കപ്പെടുമ്പോൾ പുതിയ കെട്ടിടത്തിന് വലിയ വില കല്പിക്കുന്നില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി.
അതിനിടെ, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിന് മൂന്ന് പാർട്ടികൾ കേന്ദ്രത്തിന്റെ ക്ഷണം സ്വീകരിച്ചു. തെലുങ്കുദേശം പാർട്ടി (ടി.ഡി.പി), വൈ.എസ്.ആർ കോൺഗ്രസ്, ബിജു ജനതാദൾ എന്നീ പാർട്ടികളാണ് എൻ.ഡി.എക്ക് പുറത്തുനിന്ന് ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു