ചെന്നൈ: ഐപിഎല്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. 3.3 ഓവറില്‍ വെറും അഞ്ച് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആകാശ് മധ്വാളിന്റെ മികവില്‍ 81 റണ്‍സിനാണ് മുംബൈ, ലഖ്നൗവിനെ തകര്‍ത്തുവിട്ടത്.
മുംബൈ ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗ 16.3 ഓവറില്‍ 101 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ മുംബൈ, ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.
മറുപടി ബാറ്റിംഗില്‍ പവര്‍പ്ലേയ്ക്കിടെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ രണ്ട് വിക്കറ്റുകള്‍ മുംബൈ ഇന്ത്യന്‍സ് വീഴ്ത്തി. 6 പന്തില്‍ 3 നേടിയ പ്രേരക് മങ്കാദിനെ ആകാശ് മധ്വാളും 13 പന്തില്‍ 19 നേടിയ കെയ്ല്‍ മെയേഴ്സിനെ ക്രിസ് ജോര്‍ദാനും ഡ്രസിംഗ് റൂമിലേക്ക് പറഞ്ഞയച്ചു. ഇതിന് ശേഷം ഒന്നിച്ച മാര്‍ക്കസ് സ്റ്റോയിനിസും ക്രുനാല്‍ പാണ്ഡ്യയും ചുമതല ഏറ്റെടുക്കുമെന്ന് കരുതിയെങ്കിലും ക്രുനാലിനെ മടക്കി പീയുഷ് ചൗളയും ആയുഷ് ബദോനിയെയും(7 പന്തില്‍ 1), നിക്കോളാസ് പുരാനേയും(1 പന്തില്‍ 0) പുറത്താക്കി ആകാശ് മധ്വാളും കനത്ത നാശം വിതച്ചു. ഇതോടെ 9.5 ഓവറില്‍ 74-5 എന്ന നിലയില്‍ ലഖ്നൗ തകർന്നു.
ഒരറ്റത്ത് മാർക്കസ് സ്റ്റോയിനിസ് കാലുറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും 12-ാം ഓവറില്‍ ടിം ഡേവിഡിന്റെ പന്തില്‍ ഇഷാന് കിഷന്റെ സ്റ്റംപിംഗ് വഴിത്തിരിവായി. 27 പന്തില്‍ 40 റണ്ണെടുത്താണ് സ്റ്റോയിനിസ് മടങ്ങിയത്. പിന്നാലെ കൃഷ്ണപ്പ ഗൗതമും(3 പന്തില്‍ 2) അനാവാശ്യ ഓട്ടത്തില്‍ റണ്ണൗട്ടായി. രവി ബിഷ്ണോയിയെ 15-ാം ഓവറില്‍ പുറത്താക്കി മധ്വാള് നാല് വിക്കറ്റ് തികച്ചു. ഇതേ ഓവറില്‍ ദീപക് ഹൂഡയും(13 പന്തില്‍ 15) റണ്ണൗട്ടായി. അവസാനക്കാരന്‍ മൊഹ്സീന് ഖാന്റെ(0) കുറ്റി തെറിപ്പിച്ച് അഞ്ച് വിക്കറ്റ് തികച്ച മധ്വാള് മുംബൈക്ക് 81 റണ്‍സിന്റെ കൂറ്റന്‍ ജയം സമ്മാനിക്കുകയായിരുന്നു.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തിരുന്നു. ഇന്നിങ്സിന്റെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച മുംബൈക്ക് പക്ഷേ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായി. 10 പന്തില്‍ നിന്ന് 11 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ആദ്യം പുറത്തായത്. പിന്നാലെ 12 പന്തില്‍ നിന്ന് 15 റണ്‍സുമായി സഹ ഓപ്പണര്‍ ഇഷാന് കിഷനും മടങ്ങി.
പിന്നാലെ മൂന്നാം വിക്കറ്റില്‍ കാമറൂണ്‍ ഗ്രീനിനൊപ്പം സൂര്യകുമാര്‍ യാദവ് എത്തിയതോടെ മുംബൈ ഇന്നിങ്സ് ടോപ് ഗിയറിലായി. എന്നാല്‍ 20 പന്തില്‍ നിന്ന് രണ്ട് വീതം സിക്സും ഫോറുമടക്കം 33 റണ്‍സെടുത്ത സൂര്യകുമാറിനെ മടക്കി നവീന്‍ ഉള് ഹഖ് ഈ കൂട്ടുകെട്ട് പൊളിച്ചു. ഗ്രീനിനൊപ്പം 66 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് സൂര്യ മടങ്ങിയത്. പിന്നാലെ അതേ ഓവറിലെ അവസാന പന്തില്‍ ഗ്രീനിനെയും മടക്കി നവീന്‍ മുംബൈയെ ഞെട്ടിച്ചു. 23 പന്തില്‍ നിന്ന് ഒരു സിക്സും ആറ് ഫോറുമടക്കം 41 റണ്‍സെടുത്താണ് ഗ്രീന്‍ മടങ്ങിയത്.
തുടര്‍ന്ന് തിലക് വര്‍മയും ടിം ഡേവിഡും ചേര്‍ന്ന് സ്കോര്‍ 148 വരെയെത്തിച്ചു. 17-ാം ഓവറില്‍ ഡേവിഡിനെ മടക്കി യാഷ് താക്കൂര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 13 പന്തില്‍ നിന്ന് 13 റണ്‍സായിരുന്നു ഡേവിഡിന്റെ സംഭാവന. പിന്നാലെ ഇംപാക്റ്റ് പ്ലെയറായെത്തിയ നെഹാല്‍ വധേരയെ കൂട്ടുപിടിച്ച് തിലക് സ്കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 18-ാം ഓവറില്‍ നവീന്‍ ഉള് ഹഖ് താരത്തെ പുറത്താക്കി. 22 പന്തില്‍ നിന്ന് രണ്ട് സിക്സടക്കം 26 റണ്‍സെടുത്താണ് തിലക് മടങ്ങിയത്. 12 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത നെഹാല്‍ വധേരയാണ് മുംബൈ സ്കോര്‍ 182-ല്‍ എത്തിച്ചത്.
ലഖ്നൗവിനായി പേസര്‍ നവീന്‍ ഉള് ഹഖ് നാലും യഷ് താക്കൂര്‍ മൂന്നും മൊഹ്സീന് ഖാന് ഒന്നും വിക്കറ്റ് സ്വന്തമാക്കി. രോഹിത്, സൂര്യകുമാര്‍, ഗ്രീന്‍, തിലക് എന്നീ നിര്‍ണായക വിക്കറ്റുകളാണ് നവീന്‍ സ്വന്തമാക്കിയത്.