തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാർക്ക് നേരെ അക്രമം. ഡോക്ടർമാരെ ആക്രമിച്ച സുധീർ എന്ന ബാലരാമപുരം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഡോക്ടർമാരുടെ പരാതിയിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
ഇന്ന് രാത്രി എട്ടു മണിയോടെയാണ് സംഭവം നടക്കുന്നത്. മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗത്തിലെ രോഗിയായിരുന്നു സുധീർ. ചികിത്സ സംബന്ധിച്ച തർക്കത്തെ തുടർന്ന് ഡോക്ടർമാരെ സുധീർ ഷർട്ടിൽ പിടിച്ച് തള്ളിയെന്നാണ് പരാതി. അറസ്റ്റ് ചെയ്യപ്പെട്ടതോടെ സുധീർ പൊട്ടിക്കരഞ്ഞു. പൊലീസ് ജീപ്പിലിരുന്നും ഇയാൾ കരയുകയായിരുന്നു.
ഇതിനിടെ, ആശുപത്രി സംരക്ഷണ നിയമം ഓർഡിനൻസ് വിജ്ഞാപനം ഇറങ്ങി. ഗവർണ്ണർ ഇന്നലെ ഓർഡിനൻസിൽ ഒപ്പിട്ടിരുന്നു. വിജ്ഞാപനം അനുസരിച്ച് ആരോഗ്യപ്രവർത്തകർക്കെതിരെ വാക്കാലുള്ള അപമാനം കുറ്റകരമാണ്. ആരോഗ്യ പ്രവർത്തകരെ വാക്കാൽ അപമാനിക്കുന്നതും അവഹേളിക്കുന്നതും കുറ്റകരം. അപമാനിച്ചാൽ മൂന്ന് മാസം വരെ വെറും തടവോ പതിനായിരം രൂപ പിഴയോ ശിക്ഷ ലഭിക്കും.
ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമക്കേസുകളിൽ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണം. വിചാരണ പൂർത്തിയാക്കാനായില്ലെങ്കിൽ അതിനുള്ള കാരണം കോടതി രേഖപ്പെടുത്തണം. ഈ കേസുകൾ കൈകാര്യം ചെയ്യാനായി സ്പെഷ്യൽ പ്രോസിക്യൂട്ടർമാരെ നിയോഗിക്കും.