ലണ്ടൻ: ബ്രിട്ടീഷ് താരം ആൻഡി മറെ ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറി. റോലൻഡ് ഗാരോസിൽ പോരിനില്ലെന്നും വിംബിൾഡണിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കമെന്നും മറെയുടെ അടുത്ത വൃത്തങ്ങൾ അറിയിച്ചു.
മൂന്ന് ഗ്രാൻഡ് സ്ലാം കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള മറെ 2017-ന് ശേഷം ഒരു വട്ടം മാത്രമാണ് ഫ്രഞ്ച് ഓപ്പണിൽ കളിച്ചിട്ടുള്ളത്. 2016-ലെ ടൂർണമെന്റ് ഫൈനലിൽ നൊവാക്ക് ജോക്കോവിച്ചിനോട് പരാജയപ്പെട്ട താരം തൊട്ടടുത്ത ഫ്രഞ്ച് ഓപ്പണിൽ സെമി ഫൈനൽ വരെ എത്തിയെങ്കിലും സ്റ്റാൻ വാവ്റിങ്കയുമായുള്ള പോരാട്ടത്തിൽ വീണിരുന്നു.
ഇടുപ്പെല്ലിനേറ്റ പരിക്കിനെത്തുടർന്ന് ഫോം നഷ്ടമായ താരം ഒരുവേള ലോക റാങ്കിംഗിൽ 503-ാം സ്ഥാനത്തേക്ക് വീണെങ്കിലും എടിപി ചാലഞ്ചർ, ടൂർ ഇവന്റുകളിലൂടെ തിരിച്ചെത്തിയിരുന്നു. നിലവിൽ ലോക റാങ്കിംഗിൽ 42-ാം സ്ഥാനത്തുള്ള മറെ ഗ്രാസ് കോർട്ട് ടൂർണമെന്റുകളിൽ മാത്രമായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നാണ് സൂചന.