ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്ത് പ്ലേ ഓഫിലെത്തുന്ന രണ്ടാമത്തെ ടീമായി ചെന്നൈ സൂപ്പര്‍ കിങ്സ്. 77 റണ്‍സിനായിരുന്നു ചെന്നൈയുടെ വിജയം. നേരത്തെ, ഗുജറാത്ത് ടൈറ്റന്‍സും പ്ലേ ഓഫിന് യോഗ്യത നേടിയിരുന്നു.
224 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവച്ച ചെന്നൈ ഡൽഹിയെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സിനൊതുക്കുകയായിരുന്നു. 58 പന്തില്‍ 86 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ഡൽഹിയുടെ ടോപ് സ്കോറര്‍. ചെന്നൈക്കായി ദീപക് ചാഹര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മതീഷ പതിരാന, മഹീഷ് തീക്ഷണ എന്നിവര്‍ക്ക് രണ്ട് വിക്കറ്റുകൾ നേടി.
മോശം ബാറ്റിംഗ് തുടക്കമായിരുന്നു ഡല്‍ഹിക്ക്. രണ്ടാം ഓവറില്‍ തന്നെ ഡല്‍ഹിക്ക് പൃഥ്വി ഷായെ (5) നഷ്ടമായി. അഞ്ചാം ഓവറില്‍ ഫിലിപ് സാള്‍ട്ടും (3) മടങ്ങി. തൊട്ടടുത്ത പന്തില്‍ റിലീ റൂസ്സോയെ (0) ചാഹര്‍ ബൗള്‍ഡാക്കി. യഷ് ദുള്‍ (13), അക്സര്‍ പട്ടേല്‍ (15), അമന് ഹക്കീം ഖാന് (7) എന്നിവരും നിരാശപ്പെടുത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സെടുത്തിരുന്നു.
ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്വാദിന്റെയും ഡെവോണ്‍ കോണ്‍വെയുടെയും കൂട്ടുകെട്ടാണ് ചെന്നൈയെ മികച്ച സ്കോറിലെത്തിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 141 റണ്‍സ് അടിച്ചെടുത്തു. 52 പന്തില്‍ നിന്ന് മൂന്ന് സിക്സും 11 ഫോറുമടക്കം 87 റണ്‍സെടുത്ത കോണ്‍വെയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. 50 പന്തുകള്‍ നേരിട്ട ഗെയ്ക്വാദ് നാല് ഫോറും ഏഴ് സിക്സും പറത്തി 79 റണ്‍സെടുത്തു.
ഗെയ്ക്വാദ് പുറത്തായ ശേഷമെത്തിയ ശിവം ദുബെ പതിവുപോലെ തകര്‍ത്തുകളിച്ചു. ഒമ്പത് പന്തില്‍ നിന്ന് മൂന്ന് സിക്സടക്കം 22 റണ്‍സെടുത്ത ദുബെ രണ്ടാം വിക്കറ്റില്‍ കോണ്‍വെയ്ക്കൊപ്പം അതിവേഗം 54 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പുറത്തായത്. തുടര്‍ന്നെത്തിയ രവീന്ദ്ര ജഡേജയും വെടിക്കെട്ട് ബാറ്റിങ് തന്നെ പുറത്തെടുത്തു. ഏഴ് പന്തില്‍ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം ജഡേജ 20 റണ്‍സോടെ പുറത്താകാതെ നിന്നു. നാല് പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ ധോനി അഞ്ച് റണ്‍സെടുത്തു.