ഹൈദരാബാദ്: നിർണായക മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് രാജകീയ വിജയം. വിരാട് കോഹ്ലി സെഞ്ച്വറി നേടുകയും നായകൻ ഫാഫ് ഡുപ്ലെസിസ് മികച്ച പിന്തുണയോകുകയും ചെയ്തതോടെ എട്ട് വിക്കറ്റ് വിജയമാണ് ബാംഗ്ലൂർ ടീം നേടിയത്. കോഹ്ലി 62 പന്തിൽ നൂറും ഡുപ്ലെസിസ് 46 പന്തിൽ 71 ഉം റൺസ് അടിച്ചുകൂട്ടിയതോടെ ടീം 19.2 ഓവറിൽ 187 റൺസ് നേടുകയായിരുന്നു.
വിജയത്തോടെ ബാംഗ്ലൂര്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. പ്ലേഓഫ് ഉറപ്പിക്കാൻ അവശേഷിക്കുന്ന ഇനിയുള്ള മത്സരത്തിലും ബാംഗ്ലൂരിന് ജയം അനിവാര്യമാണ്. അവസാന മത്സരം കരുത്തരായി ഗുജറാത്തുമായിട്ടാണ്.
ഹൈദരാബാദ് ഉയര്‍ത്തിയ 187 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ഗംഭീര തുടക്കമാണ് ബാംഗ്ലൂരിന് ലഭിച്ചത്. ഓപ്പണര്‍മാരായ വിരാട് കോലിയും നായകന് ഫാഫ് ഡുപ്ലെസിയും ആദ്യ ആറ് ഓവറില്‍ 64 റണ്‍സെടുത്തു. പവര്‍പ്ലേയ്ക്ക് ശേഷവും തകര്‍പ്പന്‍ ബാറ്റിങ്ങ് പുറത്തെടുത്ത ഇരുവരും ഹൈദരാബാദ് ബൗളേഴ്സിന് വലിയ വെല്ലുവിളി ഉയര്‍ത്തി. 10 ഓവറില്‍ 95 റണ്‍സായി ടീം സ്കോര്‍ ഉയര്‍ന്നു.
18-ാം ഓവറില്‍ കോലി സെഞ്ചുറിയും തികച്ചു. എന്നാല്‍ അടുത്ത പന്തില്‍ തന്നെ കോലി പുറത്തായി. 63-പന്തില്‍ നിന്ന് 12 ഫോറിന്റേയും നാല് സിക്സറുകളുടേയും അകമ്പടിയോടെ കോലി 100 റണ്‍സെടുത്താണ് പുറത്തായത്. പിന്നാലെ ഡുപ്ലെസിയും കൂടാരം കയറി. 47 പന്തില്‍ നിന്ന് 71 റണ്‍സെടുത്താണ് ഡുപ്ലെസി മടങ്ങിയത്. പിന്നീടിറങ്ങിയ മാക്സ്വെല്ലും ബ്രെയ്സ്വെല്ലും നാല് പന്ത് ശേഷിക്കേ ബാംഗ്ലൂരിനെ വിജയതീരത്തെത്തിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടി. സൺറൈസേഴ്സിനായി ദക്ഷിണാഫ്രിക്കൻ താരം ഹെൻറിച്ച് ക്ലാസൻ വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്ചവച്ചത്. 51 പന്തിൽ 8 ഫോറും 6 സിക്സും ഉൾപ്പെടെ 104 റൺസാണ് താരം നേടിയത്.
ഹൈദരാബാദ് തുടക്കം മോശമായിരുന്നു. ടീം സ്കോർ 21-ൽ നിൽക്കേ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ആദ്യ വിക്കറ്റ് വീണു. 14 പന്തിൽ 11 റൺസെടുത്ത അഭിഷേക് ശർയെ മൈക്കൽ ബ്രേസ്വെൽ പവലിയനിലേക്ക് അയച്ചു. തൊട്ട് പിന്നാലെ രാഹുൽ ത്രിപാഠിയും പുറത്ത്. ക്യാപ്റ്റൻ എയ്ഡൻ മാർക്രമും ഹെൻറിച്ച് ക്ലാസനും ചേർന്ന് മൂന്നാം വിക്കറ്റിൽ 76 റൺസിന്റെ സുപ്രധാന കൂട്ടുകെട്ട് പങ്കിട്ടു. എയ്ഡൻ മാർക്രം 18 റൺസ് നേടി പവലിയനിലേക്ക് മടങ്ങി.
49-ാം പന്തില്‍ ഹര്‍ഷല്‍ പട്ടേലിന്റെ പന്തില്‍ സിക്സര്‍ പായിച്ച് ക്ലാസന് മൂന്നക്കം കടന്നു. എന്നാല്‍ സെഞ്ച്വറിക്ക് പിന്നാലെ ക്ലാസനെ ബൗള്‍ഡാക്കി ഹര്‍ഷല്‍ കടം വീട്ടുകയും ചെയ്തു. ഹൈദരാബാദ് ഇന്നിങ്സിലെ 51 പന്തുകള്‍ നേരിട്ട ക്ലാസന് 104 റണ്‍സെടുത്താണ് കളം വിട്ടത്. 19 പന്തില്‍ 27 റണ്‍സെടുത്ത ബ്രൂക്കും അഞ്ച് റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്സും ചേര്‍ന്ന് ഹൈദരാബാദിന്റെ സ്കോര്‍ 186-ലെത്തിച്ചു. ബാംഗ്ലൂരിനായി മൈക്കല്‍ ബ്രേസ്വല് രണ്ടും ഷെഹബാസ് അഹമ്മദ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.