ധരംശാല: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ അത്യന്തം ആവേശകരമായ പോരാട്ടത്തില്‍ പഞ്ചാബ് കിങ്സിനെ 15 റണ്‍സിന് പരാജയപ്പെടുത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. ഡല്‍ഹി ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച പഞ്ചാബിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
94 റണ്‍സെടുത്ത് ഒറ്റയ്ക്ക് പൊരുതിയ പഞ്ചാബിന്റെ ലിയാം ലിവിങ്സ്റ്റണിന്റെ പോരാട്ടം പാഴായി. വിജയിച്ചിരുന്നെങ്കില്‍ പഞ്ചാബിന് പ്ലേ ഓഫിലേക്ക് അടുക്കാമായിരുന്നു. പ്ലേ ഓഫില്‍ കടക്കുമോ ഇല്ലയോ എന്നറിയാന്‍ പഞ്ചാബിന് അവസാന മത്സരം വരെ കാത്തിരിക്കണം.
ജയത്തോടെ 10 പോയിന്റുമായി ലീഗിൽ ഒമ്പതാം സ്ഥാനത്താണ് ക്യാപിറ്റൽസ്. കിംഗ്സ് 12 പോയിന്റുമായി എട്ടാം സ്ഥാനത്ത് തുടരുന്നു. ആർസിബി, രാജസ്ഥാൻ റോയൽസ്, കെകെആർ എന്നീ ടീമുകൾക്കും 12 പോയിന്റുണ്ട്.
ജയത്തിലേക്ക് ബാറ്റ് വീശാൻ ശ്രമിച്ച കിംഗ്സിനായി 48 പന്ത് നീണ്ടുനിന്ന ഇന്നിംഗ്സിൽ അഞ്ച് ഫോറുകളും ഒമ്പത് സിക്സറുകളുമാണ് ലിവിംഗ്സ്റ്റൺ പായിച്ചത്. അവസാന ഓവറിൽ ജയിക്കാനായി 33 റൺസ് വേണ്ടിയിരുന്ന ടീമിനായി താരം അവസാന പന്ത് വരെ പൊരുതിയെങ്കിലും ശ്രമം വിഫലമായി. 55 റൺസ് നേടിയ അഥർവ തൈഥെ ചേസിനിടെ പരിക്കേറ്റ് പിന്മാറിയതും ടീമിന് തിരിച്ചടിയായി.
നായകൻ ശിഖർ ധവാൻ, ജിതേഷ് ശർമ, ഹർപ്രീത് ബ്രാർ എന്നിവർ സംപൂജ്യരായി ആണ് മടങ്ങിയത്. 22 റൺസ് നേടിയ പ്രഭ്സിമ്രൻ സിംഗ് രണ്ടാം വിക്കറ്റിൽ തൈഥെയ്ക്കൊപ്പം ചേർന്ന് പൊരുതാൻ ശ്രമിച്ചെങ്കിലും പോരാട്ടം അധികനേരം നീണ്ടുനിന്നില്ല. ക്യാപിറ്റൽസ് ബൗളർമാർ റൺസ് വിട്ടുനൽകിയെങ്കിലും മികച്ച സ്കോർ കൈവശമുള്ളതിനാൽ കാര്യങ്ങൾ അനുകൂലമായി.
ഇഷാന്ത് ശർമ, ആന്റിക് നോർക്യെ എന്നിവർ രണ്ട് വിക്കറ്റ് വീതവും അക്സർ പട്ടേൽ, ഖലീൽ അഹ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
നേരത്തേ ടോസ് നേടിയ പഞ്ചാബ് ഡൽഹിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ വിക്കറ്റിൽ ക്യാപ്റ്റൻ ഡേവിഡ് വാർണറും പ്രിഥ്വിഷായും ചേർന്ന് 94 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 46 റൺസെടുത്ത വാർണർ സാം കറന് വിക്കറ്റ് നൽകി മടങ്ങി. പിന്നീട് ക്രീസിൽ ഒന്നിച്ച പ്രിഥ്വിഷായും റൂസോയും ചേർന്ന് സ്കോർ വേഗത്തിൽ ചലിപ്പിച്ചു. 15ാം ഓവറിൽ പ്രിഥ്വി ഷാ പുറത്തായി. പിന്നീട് ഫിലിപ് സാൾട്ടിനെ കൂട്ടുപിടിച്ച് റൂസോ ടീം സ്കോർ 200 കടത്തുകയായിരുന്നു. സാള്‍ട്ട് 14 പന്തില്‍ 26 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.