ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പിന്റെ തലവനും വ്യവസായ പ്രമുഖനുമായ ശ്രീചന്ദ് പരമാനന്ദ് ഹിന്ദുജ(87) അന്തരിച്ചു. ലണ്ടനിലെ വസതിയിൽ ഇന്ന് വൈകിട്ടായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ നാളായി ലണ്ടനിൽ ചികിത്സയിലായിരുന്നു.
ഹിന്ദുജ സഹോദരന്മാരിൽ മൂത്തയാളാണ് എസ്.പി.ഹിന്ദുജ. ഗോപിചന്ദ് പി.ഹിന്ദുജ, പ്രകാശ് പി.ഹിന്ദുജ, അശോക് പി.ഹിന്ദുജ എന്നിവരാണ് സഹോദരങ്ങൾ. എസ്.പി.ഹിന്ദുജ അന്തരിച്ച വിവരം കമ്പനി വക്താവാണ് അറിയിച്ചത്. ശതകോടീശ്വരനായ എസ്.പി.ഹിന്ദുജ ബ്രിട്ടിഷ് പൗരത്വം സ്വീകരിച്ചിരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നാണ് മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹിന്ദുജ. ഗ്രൂപ്പ് സ്ഥാപകൻ പർമാനന്ദ് ദീപ്ചന്ദ് ഹിന്ദുജയുടെ മൂത്ത മകനാണ് എസ്.പി.ഹിന്ദുജ.
1935 നവംബർ 28നായിരുന്നു ജനനം. നിലവിൽ ബ്രിട്ടനിലെ അതിസമ്പന്നരിൽ നാലാം സ്ഥാനത്താണ് ഹിന്ദുജ സഹോദരങ്ങൾ. 32 ബില്യൺ യുഎസ് ഡോളറാണ് ഹിന്ദുജ ഗ്രൂപ്പിന്റെ ആസ്തി.
കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പിതാവ് പി.ഡി. ഹിന്ദുജയ്ക്കൊപ്പം 1950-കൾ മുതൽ എസ്.പി. ഹിന്ദുജ കമ്പനിയിൽ പ്രവർത്തിച്ചിരുന്നു. ബ്രിട്ടീഷ് പൗരനായ എസ്.പി. ഹിന്ദുജ ബോഫേഴ്സ് ആയുധ അഴിമതിക്കേസിൽ കുറ്റാരോപിതനായിരുന്നു.
ഇന്ത്യൻ സർക്കാരിൽ നിന്ന് ബോഫോഴ്സ് കമ്പനിക്ക് കരാർ നേടി നൽകാനായി 81 മില്യൺ സ്വീഡിഷ് ക്രോണ കൈക്കൂലി വാങ്ങിയെന്നായിരുന്നു എസ്.പി. ഹിന്ദുജയ്ക്കെതിരായ ആരോപണം. ഈ കേസിൽ ഹിന്ദുജയെ പിന്നീട് കുറ്റവിമുക്തനാക്കിയിരുന്നു.