തിരുവനന്തപുരം: എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ഗ്രേഡിനൊപ്പം മാർക്ക് കൂടി ചേർത്തേക്കും. ഫലപ്രഖ്യാപനത്തിനൊപ്പം മാർക്ക് ലിസ്റ്റ് കൂടി നൽകുന്നതും സർക്കാർ പരിഗണനയിലുണ്ട്. ഈ വർഷം തന്നെ ഇത് നടപ്പിലാക്കാൻ കഴിയുമോ എന്ന ആലോചനയിലാണ് സർക്കാർ.
സർട്ടിഫിക്കറ്റിൽ മാർക്ക് ചേർക്കണം എന്ന് ആവശ്യപ്പെട്ടുള്ള വിദ്യാർഥിനിയുടെ ഹർജിയിൽ ഹൈക്കോടതി അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നീക്കം. ഫലപ്രഖ്യാപനത്തിന് മുന്നോടിയായി അന്തിമ തീരുമാനം ഉണ്ടാകും.
എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ നിലവിൽ ഗ്രേഡ് മാത്രമാണ് രേഖപ്പെടുത്തുന്നത്. ഇതോടൊപ്പം വിദ്യാർഥികളുടെ മാർക്ക് കൂടി രേഖപ്പെടുത്തണമെന്ന ആവശ്യത്തിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ.
പരീക്ഷാ ഫലത്തോടൊപ്പം പാഠ്യേതര വിഷയങ്ങൾക്ക് ലഭിക്കുന്ന ഗ്രേസ് മാർക്ക് കൂടി ചേർക്കുന്നതോടെ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് ലഭിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വർധനവുണ്ടാകും. ഇത് പരീക്ഷയിൽ നൂറ് ശതമാനവും മാർക്ക് വാങ്ങുന്ന വിദ്യാർഥികളുടെ പ്ലസ് വൺ പ്രവേശനത്തെ ബാധിക്കുമെന്നായിരുന്നു ഹരജിയിലെ പ്രധാന ആരോപണം.