കോട്ടയം: കേരള കോണ്‍ഗ്രസ്-എം യുഡിഎഫിലേക്ക് വരുന്നത് നല്ലതാണെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയിൽ പ്രതികരണവുമായി കേരള കോണ്‍ഗ്രസ് നേതാവും എംഎൽഎയുമായ മോൻസ് ജോസഫ്. ജോസ് കെ. മാണിയെ സ്വാഗതം ചെയ്തതുമായി ബന്ധപ്പെട്ട് കെപിസിസി ചർച്ച നടത്തിയോ എന്നറിയില്ലെന്ന് മോൻസ് ജോസഫ് പറഞ്ഞു. യുഡിഎഫിൽ ഇത്തരത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും മോൻസ് വ്യക്തമാക്കി.
ജോസ് കെ. മാണിയുടെ പാർട്ടിയെ യുഡിഎഫിലേക്ക് എത്തിക്കാൻ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് ഇപ്പോഴും താത്പര്യമുണ്ട്. മധ്യകേരളത്തിൽ മുന്നണിയുടെ കെട്ടുറപ്പിന് ഇത് ആവശ്യമാണെന്നാണ് കെപിസിസി വിലയിരുത്തലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
അതേസമയം കേരള കോൺഗ്രസ്-എം യുഡിഎഫിലേക്കില്ലെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. കേരള കോണ്‍ഗ്രസിനെ യുഡിഎഫില്‍ നിന്നും പുറത്താക്കിയതാണ്. അത് തെറ്റായിപ്പോയെന്ന് യുഡിഎഫ് തിരിച്ചറിഞ്ഞതില്‍ സന്തോഷം. മുന്നണിമാറ്റം ആലോചനയിലില്ലെന്നും തങ്ങൾ എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്ന് റോഷി വ്യക്തമാക്കി.
















