ചെന്നൈ: ഐപിഎല്ലില്‍ പ്ലേ ഓഫിലെത്താന്‍ എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ് കാത്തിരിക്കണം. ഗ്രൂപ്പ് ഘട്ടത്തില്‍ ചെപ്പോക്കിലെ അവസാന ഹോം മത്സരത്തില്‍ സിഎസ്കെയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആറ് വിക്കറ്റിന് തോല്പിച്ചതോടെയാണിത്.
ചെന്നൈ ഉയര്‍ത്തിയ 144 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത ഒമ്പത് പന്ത് ശേഷിക്കേ മറികടന്നു. റിങ്കു സിങ് 43 പന്തില്‍ 54 റണ്‍സെടുത്തപ്പോള്‍ നിതീഷ് റാണ 44 പന്തില്‍ 57 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
നേരത്തേ ചെന്നൈയെ പന്ത് കൊണ്ട് വരിഞ്ഞുമുറുക്കിയ കൊല്‍ക്കത്ത ബോളര്‍മാരാണ് ആതിഥേയരെ വെറും 144 റൺസിലൊതുക്കിയത്. ചെന്നൈക്കായി 48 റൺസെടുത്ത ശിവം ദുബേയും 30 റൺസെടുത്ത ഡെവോൺ കോൺവേയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. കൊൽക്കത്തക്കായി വരുൺ ചക്രവർത്തിയും സുനിൽ നരെയ്നും രണ്ട് വിക്കറ്റ് വീഴ്ത്തി.
മത്സരത്തിൽ ടോസ് നേടിയ ചെന്നൈ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ഓവറിൽ ഗെയ്ക് ദിനെ വരുൺ ചക്രവർത്തി കൂടാരം കയറ്റി. എട്ടാം ഓവറിൽ 16 റൺസെടുത്ത അജിൻക്യ രഹാനയെ ചക്രവർത്തി ജേസൺ റോയുടെ കയ്യിലെത്തിച്ചു.പിന്നീട് കൃത്യമായ ഇടവേളകളിൽ ചെന്നൈ വിക്കറ്റുകൾ വീണ് കൊണ്ടേയിരുന്നു. അവസാന ഓവറുകളിൽ ദുബേയും ജഡേജയും ചേർന്ന് അർധസെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയെങ്കിലും ചെന്നൈയെ മികച്ച സ്കോറിലെത്തിക്കാനായില്ല. 24 പന്ത് നേരിട്ടാണ് ജഡേജ 20 റൺസെടുത്തത്.
കെകെആറിന്റെ മറുപടി ബാറ്റിംഗില്‍ തന്റെ ആദ്യ മൂന്ന് ഓവറിനിടെ റഹ്മാനുള്ള ഗുർബാസ്(4 പന്തില്‍ 1), വെങ്കടേഷ് അയ്യർ(4 പന്തില്‍ 9), ജേസന്‍ റോയി(15 പന്തില്‍ 12) എന്നിവരെ മടക്കിയാണ് സിഎസ്കെ പേസർ ദീപക് ചാഹർ തുടങ്ങിയത്. ചാഹറിന്റെ സഹ പേസർ തുഷാർ ദേശ്പാണ്ഡെയും നന്നായി പന്തെറിഞ്ഞു. ഇതുകഴിഞ്ഞ് നായകന് നിതീഷ് റാണയും റിങ്കു സിംഗും പതിയെ തുടങ്ങി തകർത്തടിച്ചതോടെ കെകെആർ മത്സരത്തിലേക്ക് തിരിച്ചുവന്നു. 18-ാം ഓവറില്‍ അലിയുടെ ത്രോയില്‍ റിങ്കു(43 പന്തില്‍ 54) പുറത്തായത് കെകെആറിനെ ബാധിച്ചില്ല. നിതീഷ് റാണ 44 ബോളില്‍ 57* ഉം, ആന്ദ്രേ റസല്‍ 2 പന്തില്‍ 2* ഉം റണ്‍സുമായി പുറത്താവാതെ നിന്നു.