ഹൈദരാബാദ്: ഇന്ത്യൻ ചെസിന് അഭിമാനമായി മറ്റൊരു ഗ്രാൻഡ്മാസ്റ്ററുടെ ഉദയം. തെലുങ്കാന സ്വദേശിയായ 15 വയസുകാരൻ വി. പ്രണീത് ആണ് 2,500 ഇലോ പോയിന്റുകൾ മറികടന്ന് ഗ്രാൻഡ്മാസ്റ്റർ പദവി സ്വന്തമാക്കിയത്.
ബാകു ഓപ്പണിൽ യുഎസ് താരം ഹാൻസ് നീമാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ഗ്രാൻഡ്മാസ്റ്റർ പട്ടികയിലെ 82-ാമനായി പ്രണീത് തന്റെ പേരുചേർത്തത്. ജയത്തോടെ പ്രണീതിന് 2,500.50 ഇലോ പോയിന്റുകളായി.
“ഒരു സ്വപ്നം പൂർത്തീകരിച്ചു. ഇത് എന്റെ കരിയറിലെ അവിസ്മരണീയ നിമിഷമാണ്,” പ്രണീത് ഞായറാഴ്ച സ്പോർട്സ് സ്റ്റാറിനെ അറിയിച്ചു.
“ചില വലിയ ലക്ഷ്യങ്ങളിലേക്കുള്ള എന്റെ യാത്രയുടെ ഭാഗമാണെങ്കിലും, ഇത് വളരെ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണ്,” അദ്ദേഹം പറഞ്ഞു.
“ആത്യന്തിക ലക്ഷ്യം ലോക ചാമ്പ്യൻഷിപ്പ് നേടുക എന്നതാണ്, അത് അത്ര എളുപ്പമല്ലെന്ന് എനിക്കറിയാം, പക്ഷേ പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും കാര്യത്തിൽ ഞാൻ പിന്നിലല്ല,” യുവ ചെസ്സ് പ്രതിഭ പറഞ്ഞു.
ഗ്രാൻഡ്മാസ്റ്റർ പദവിയിലേക്കുള്ള ആദ്യ നോം 2022 മാർച്ചിലാണ് പ്രണീത് നേടിയത്. ഇന്റർനാഷണൽ മാസ്റ്റർ പദവിയുടെ പകിട്ടുമായി 2022 ജൂലൈയിൽ സ്വിറ്റ്സർലൻഡിലെ ബിയെൽ മാസ്റ്റേഴ്സ് പോരിനിറിങ്ങിയ താരം ടൂർണമെന്റിനിടെ രണ്ടാം ജിഎം നോമും സ്വന്തമാക്കി. ഒമ്പത് മാസങ്ങൾക്കിപ്പുറം ഫോർമെന്റേറ ഓപ്പണിലാണ് മൂന്നാമത്തെയും അവസാനത്തേതുമായ ജിഎം നോം പ്രണീത് നേടിയത്.
കസാക്കിസ്ഥാനിൽ നടക്കുന്ന ഏഷ്യൻ കോണ്ടിനെന്റൽ ചാമ്പ്യൻഷിപ്പാണ് തന്റെ അടുത്ത വലിയ ഇവന്റ്, മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.