ഏകദിന ലോകകപ്പിനായി ഇന്ത്യ പര്യടനം നടത്താൻ പാകിസ്ഥാൻ സമ്മതിച്ചതായി റിപ്പോർട്ട്. ഒക്ടോബർ 15 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യ- പാകിസ്താൻ മത്സരം നടക്കുമെന്ന് സ്പോർട്സ് വെബ്സൈറ്റായ ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു.
ഇതുവരെ തയ്യാറാക്കിയ താൽക്കാലിക ഷെഡ്യൂൾ പ്രകാരം അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ പാകിസ്താന്റെ കളികൾ നടക്കും. ചെന്നൈയ്ക്കൊപ്പം ഏറ്റവും കൂടുതൽ പാകിസ്ഥാൻ മത്സരങ്ങൾക്ക് ബിസിസിഐ സൗത്ത് സോണിൽ വേദികൾ ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ 15 ന് അഹമ്മദാബാദിൽ ഇന്ത്യ പാക്കിസ്താൻ മത്സരം നടക്കുമെന്നാണ് റിപ്പോർട്ട്.
തീയതികളിലും വേദികളുടെയും അന്തിമ തീരുമാനം ബിസിസിഐക്കാണ്. നിലവിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന് (ഐപിഎൽ) ശേഷം, ബന്ധപ്പെട്ടവരിൽ നിന്നും അംഗീകാരം ലഭിച്ചതിന് ശേഷം, ആതിഥേയർ എന്ന നിലയിൽ ബിസിസിഐ ഇതുസംബന്ധിച്ച തീരുമാനത്തിലെത്തും.
അഹമ്മദാബാദിൽ ഒക്ടോബർ അഞ്ചിന് ഇംഗ്ലണ്ട്- ന്യൂസിലൻഡ് പോരാട്ടത്തോടെയാകും ലോകകപ്പിന് തുടക്കമാവുക. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തന്നെ നവംബർ 19ന് ഫൈനൽ മത്സരം നടക്കും. എംഎ ചിദംബരം സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയോടാണ് ഇന്ത്യയുടെ ആദ്യ മത്സരം.