കോട്ടയം: മെഡിക്കൽ കോളജിൽ നഴ്സിന് നേരെ രോഗിയുടെ കയ്യേറ്റം. താൽക്കാലിക ജീവനക്കാരിയായ നേഹാ ജോണിനാണ് മർദനമേറ്റത്. ന്യൂറോ സർജറി കഴിഞ്ഞ രോഗി അക്രമാസക്തനാവുകയും കൈ തിരിച്ച് ഒടിക്കുകയുമായിരുന്നു.
ചികിത്സയിൽ കഴിയുന്ന രോഗിക്ക് കുത്തിവയ്പ് എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു മർദനം. പൂഞ്ഞാർ കുന്നോന്നി സ്വദേശിനിയായ നേഹാ ജോൺ ചികിത്സയെ തുടർന്ന് അവധിയിലാണ്.
അതേസമയം, തൃശൂർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ മദ്യലഹരിയിൽ യുവാവിൻ്റെ പരാക്രമം. പൊലീസ് മെഡിക്കൽ പരിശോധനയ്ക്കാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. കൊല്ലം അഞ്ചാലുംമൂട് സ്വദേശി സുൽഫിക്കറിനെയാണ് അറസ്റ്റ് ചെയ്തത്.
കേച്ചേരി എസ് ബി ഐ ബാങ്കിൽ മദ്യപിച്ച് പരാക്രമം കാട്ടിയതിനാണ് ഇയാളെ പിടികൂടിയത്. ആശുപത്രിയിൽ വച്ച് ഇയാൾ പോലീസിനെ അസഭ്യം വിളിച്ചു. സംഭവത്തിൽ സുൽഫിക്കറിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.