ബാഴ്സലോണ: ബാഴ്സലോണയുമായുള്ള രണ്ട് പതിറ്റാണ്ട് നീണ്ട ബന്ധം ക്യാപ്റ്റൻ സെർജിയോ ബുസ്ക്വെറ്റ്സ് അവസാനിപ്പിക്കുന്നു. സീസൺ അവസാനത്തോടെ ബുസ്ക്വെറ്റ്സ് ബാഴ്സയുടെ പടികൾ ഇറങ്ങും. സോഷ്യൽ മീഡിയയിൽ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ബുസ്കെറ്റ്സ് തന്റെ തീരുമാനം അറിയിച്ചത്. നിരവധി കിരീടങ്ങള്‍ നേടിയതിന് ശേഷമാണ് സെർജിയോ ബുസ്കെറ്റ്സ് ബാഴ്സലോണ വിടുന്നത്.
‘അവിസ്മരണീയമായ യാത്ര അവസാനിപ്പിക്കുന്നു. ഇത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല, പക്ഷേ ഇപ്പോൾ സമയമായി. ഈ ജഴ്സി അണിയാൻ കഴിഞ്ഞത് ഒരു ബഹുമതിയും സ്വപ്നവും അഭിമാനവുമാണ്. എന്നാൽ എല്ലാത്തിനും ഒരു തുടക്കവും അവസാനവുമുണ്ട്’- 34 കാരനായ ബുസ്കെറ്റ്സ് പറഞ്ഞു.
34 കാരനായ മുൻ സ്പെയിൻ മിഡ്ഫീൽഡർ ബാഴ്സലോണയ്ക്കായി 718 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ക്ലബ്ബിന്റെ ചരിത്രത്തിൽ ബാഴ്സയ്ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച മൂന്നാമത്തെ താരമാണ് ബുസ്ക്വെറ്റ്സ്. ക്ലബ്ബിനൊപ്പം സ്പാനിഷ് താരം എട്ട് ലാ ലിഗ കിരീടങ്ങളും ഏഴ് കോപ്പ ഡെൽ റെ, ഏഴ് സ്പാനിഷ് സൂപ്പർ കപ്പ്, മൂന്ന് ചാമ്പ്യൻസ് ലീഗ് കീരടങ്ങൾ എന്നിവ നേടി.
2005 ൽ ബാഴ്സയുടെ യൂത്ത് ടീമിലെത്തിയ ബുസ്ക്വെറ്റ്സ് പിന്നീട് ബി ടീമിൽ അംഗമായി. 2008-ൽ റേസിംഗ് സാന്റാൻഡറിനെതിരായ മത്സരത്തിൽ പെപ് ഗ്വാർഡിയോളയുടെ കീഴിൽ സീനിയർ ടീമിനായി അരങ്ങേറ്റം നടത്തി.
2010-ൽ സ്പെയിനിനൊപ്പം ലോകകപ്പും 2012-ൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പും ബുസ്കെറ്റ്സ് നേടി. കഴിഞ്ഞ ഡിസംബറിൽ 15 വർഷത്തെ നീണ്ട അന്താരാഷ്ട്ര കരിയറിന് താരം വിരാമം കുറിച്ചിരുന്നു.