കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയെ കുത്തിയത് അധ്യാപകൻ. നെടുമ്പനയിലെ യുപി സ്കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപാണ് ഡോക്ടറെ കുത്തിക്കൊന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശിനി ഡോ. വന്ദനദാസ് (23) ആണ് മരിച്ചത്
കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം. ഇന്നലെ രാത്രി മുതൽ അക്രമാസക്തനായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ ഇയാൾ വീണ്ടും അക്രമാസക്തനാകുകയായിരുന്നു.
ആശുപത്രിയിലെ ഹോം ഗാർഡ് അലക്സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്ഐ മണിലാൽ എന്നിവർക്കും കുത്തേറ്റു. ഇവർ ചികിത്സയിലാണ്. പ്രതി സന്ദീപിനെ പരുക്കുകളോടെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവമുണ്ടായത്. വീട്ടിൽ വെച്ച് സന്ദീപ് ആക്രമണങ്ങൾ നടത്തിയതിനെ തുടർന്ന് ബന്ധുക്കളാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്.