കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ചു. ഹൗസ് സർജൻ ആയി പ്രവർത്തിച്ചുവരികയായിരുന്ന ഡോ. വന്ദന ദാസ് ആണ് മരിച്ചത്. 23 വയസായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം. പൂയപ്പള്ളി ചെറുകരകോണം സ്വദേശി സന്ദീപ് ആണ് കുത്തിയത്.
ഡോക്ടറും പൊലീസുദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേർക്കാണ് കുത്തേറ്റത്. കഴുത്തിൽ ഗുരുതരമായി പരുക്കേറ്റ ഡോ.വന്ദനയെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉടൻ മരണം സംഭവിക്കുകയായിരുന്നു.
പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവമുണ്ടായത്. വീട്ടിൽ വെച്ച് സന്ദീപ് ആക്രമണങ്ങൾ നടത്തിയതിനെ തുടർന്ന് ബന്ധുക്കളാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്. ബന്ധുക്കൾ ആശുപത്രിയിൽ എത്തിയപ്പോഴാണ് പ്രകോപനമൊന്നുമില്ലാതെ യുവാവ് ആക്രമണം നടത്തിയതെന്നാണ് വിവരം. ആശുപത്രിയിലെ കത്രിക കൈക്കലാക്കിയ പ്രതി ആശുപത്രിയിൽ ഉണ്ടായിരുന്നവരെ കുത്തുകയായിരുന്നു.