മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ ബോട്ട് ഉടമയെ ഒളിവിൽ പോകാൻ സഹായിച്ച മൂന്നുപേർ അറസ്റ്റിൽ. പട്ടരകത്ത് സലാം (53), പുതിയ കടപ്പുറം പട്ടരകത്ത് വാഹിദ്(23), വളപ്പിലകത്ത് മുഹമ്മദ് ഷാഫി(37) എന്നിവരാണ് പിടിയിലായത്. പൊന്നാനിയിൽ നിന്നാണ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തത്.
അപകടത്തിന് കാരണമായ ബോട്ടിന്‍റെ ഉടമ നാസറിനെ കോടതി ഇന്ന് റിമാൻഡ് ചെയ്തു. പരപ്പനങ്ങാടി മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. നാസറിനെ തിരൂർ സബ് ജയിലിലേക്ക് മാറ്റി.നാസറിനെതിരെ പൊലീസ് നേരത്തെ കൊലപാതക കുറ്റം ചുമത്തിയിരുന്നു.
ഞായറാഴ്ച രാത്രി ഏഴോടെയാണ് താനൂർ തൂവൽതീരത്തിനു സമീപം പൂരപ്പുഴയിൽ വിനോദയാത്രാ ബോട്ട് മറിഞ്ഞ 22 പേർ മരിച്ചത്. സംഭവത്തിനു പിന്നാലെ ഒളിവിൽപോയിരുന്ന ബോട്ടുടമ താനൂർ സ്വദേശി നാസറിനെ കോഴിക്കോട്ടുനിന്നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കു ജാമ്യമില്ലാ വകുപ്പുകൾപ്രകാരമാണു കേസ്.
ബോട്ട് ഓടിച്ചിരുന്ന താനൂർ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക് ദിനേശനും ജീവനക്കാരൻ രാജനും ഒളിവിലാണ്. താനൂർ ഡിവൈഎസ്പി കെ.വി. ബെന്നിയുടെ നേതൃത്വത്തിൽ 14 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
















