തിരുവനന്തപുരം: വേതന വർധനവ് നടപ്പിലാക്കാത്തത്തിൽ പ്രതിഷേധിച്ച് മിൽമ ജീവനക്കാർ ബുധനാഴ്ച മുതൽ സംസ്ഥാനവ്യാപകമായി നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു.
തൊഴിലാളിസംഘടനാ പ്രതിനിധികളുമായി ലേബർ കമ്മിഷണറേറ്റിൽ മാനേജ്മെന്റ നടത്തിയ അനുരഞ്ജന യോഗത്തിനൊടുവിലാണ് സമരം പിൻവലിച്ചത്.
2021 ജൂലൈ മുതൽ മുൻകാല പ്രാബല്യത്തോടെ 16 ശതമാനം വേത നവർധനവ് അംഗീകരിച്ചതിനെത്തുടർന്നാണ് ഈ തീരുമാനം. സേവന വേതന കരാറിന് അഞ്ചുവർഷത്തെ പ്രാബല്യമുണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
യോഗത്തിൽ മിൽമ മേഖല ചെയർമാൻമാരായ കെ.എസ്. മണി, എം. ടി. ജയൻ, മാനേജിംഗ് ഡയറക്ടർ ആസിഫ് കെ. യൂസഫ്, ഡെപ്യൂട്ടി ലേബർ കമ്മിഷണർ സിന്ധു, തൊഴിലാളി സംഘടനാ പ്രതിനിധികളായ ആർ. ചന്ദ്രശേഖരൻ (ഐഎൻടിയുസി), എൻ.പി. വിദ്യാധരൻ (സിഐടിയു), അഡ്വ വി. മോഹൻദാസ് (എഐടിയുസി) എന്നിവർ പങ്കെടുത്തു.
















