ബ്യൂണസ് ഐറിസ്: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി സൗദി പ്രോ ലീഗ് ക്ലബ് അല്‍ ഹിലാലുമായി കരാറിലെത്തിയെന്ന വാര്‍ത്തകള്‍ തള്ളി താരത്തിന്റെ പിതാവും മാനേജറുമായ യോര്‍ഗെ മെസ്സി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അദ്ദേഹം ഇത്തരത്തില്‍ പ്രചരിച്ച റിപ്പോര്‍ട്ടുകള്‍ തള്ളിയത്.
പിഎസ്ജിയുമായി ലീഗ് മത്സരങ്ങൾ പൂർത്തിയാക്കും മുൻപ് യാതൊരു തീരുമാനവും എടുക്കില്ല. മെസ്സിയുടെ പേര് ആളെക്കൂട്ടാൻ ഉപയോഗിക്കുകയാണ്. സീസൺ അവസാനിച്ചതിനു ശേഷം കാര്യങ്ങൾ വിലയിരുത്തി അന്തിമ തീരുമാനമെടുക്കും. പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘സീസണ് അവസാനിച്ച ശേഷം അവിടെ എന്താണ് നടക്കുന്നതെന്ന് വിശകലനം ചെയ്യാനും തുടര്‍ന്ന് അതിനനുസരിച്ച് തീരുമാനമെടുക്കാനുമുള്ള സമയമുണ്ട്. എപ്പോഴും ഇക്കാര്യത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കാറുണ്ട്. പ്രശസ്തി നേടാന്‍ പലരും ലയണലിന്റെ പേര് ഉപയോഗിക്കുന്നു. പക്ഷേ സത്യം ഒന്ന് മാത്രമാണ്, ആരുമായും ഒരു കാര്യവും തീരുമാനിച്ചിട്ടില്ല.’ – യോര്‍ഗെ മെസ്സി കുറിച്ചു.
നേരത്തെ മെസ്സി സൗദി പ്രോ ലീഗ് ക്ലബ് അല്‍ ഹിലാലുമായി കരാറിലെത്തിയതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് റിപ്പോര്‍ട്ട് ചെയ്തത്. റെക്കോഡ് പ്രതിഫലത്തിനാണ് ക്ലബ്ബ് മെസ്സിയുമായി കരാറിലെത്തിയതെന്നായിരുന്നു റിപ്പോര്‍ട്ട്. അൽ ഹിലാൽ ക്ലബ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ തുടരാൻ മെസ്സിക്ക് താൽപര്യമില്ലെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
ടൂറിസം അംബാസഡറെന്ന നിലയിൽ സൗദി അറേബ്യ സന്ദർശിച്ച മെസ്സിയെ പിഎസ്ജി രണ്ടാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് ട്രാൻസ്ഫർ വിവരം പുറത്തുവരുന്നത്. അൽ ഹിലാൽ 40 കോടി യുഎസ് ഡോളർ വാർഷിക പ്രതിഫലത്തിന്റെ (ഏകദേശം 3270 കോടി രൂപ) ഓഫറാണു മെസ്സിക്കു മുന്നിൽവച്ചത്. സൗദി പ്രോ ലീഗിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അംഗമായ അൽ നസ്ർ ക്ലബ്ബിന്റെ ചിരവൈരികളാണ് അൽ ഹിലാൽ.